കോഴിക്കോട്: യുഎപിഎ ചുമത്തി കോഴിക്കോട്ട് പൊലീസ് അറസ്റ്റു ചെയ്ത താഹയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിന്റെ വീഡിയോ പുറത്ത്. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ താഹ വിളിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം.

താഹയുടെ റൂമിലെത്തിയ പൊലീസ് പുസ്തകങ്ങള്‍ പരിശോധിക്കുന്നുണ്ട്. താഹയുടെ റൂമില്‍ നിന്നു കിട്ടിയയാണെന്നു പറഞ്ഞ് പൊലീസ് മാതാപിതാക്കള്‍ക്ക് ചില പുസ്തകങ്ങള്‍ കാണിച്ചുകൊടുക്കുന്നു. “കണ്ടോ…ഇപ്പ എങ്ങനെയുണ്ട്? മുറിയും പൂട്ടിയിട്ട് പോകുന്നതിന്റെ കാരണം മനസിലായോ? മുറിയില്‍ നിന്നു കിട്ടിയ ബുക്ക് കണ്ടോ?” എന്നാണ് പൊലീസ് ചോദിക്കുന്നത്.

Read Also: മാവോയിസ്റ്റ് വിഷയം: പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ

പൊലീസ് പരിശോധന നടക്കുന്നതിനിടെ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ട്. “ഇന്‍ക്വിലാബ് സിന്ദാബാദ്, മാവോയിസം സിന്ദാബാദ്…”തുടങ്ങിയ മുദ്രാവാക്യങ്ങളാണ് താഹ വിളിക്കുന്നത്. മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ ‘അവന്റെ വായ അടച്ചേ’ എന്ന് പൊലീസ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മുദ്രാവാക്യം വിളിയെ തടുക്കാന്‍ താഹയുടെ ഉമ്മയും ശ്രമിക്കുന്നു. താഹയോട് ‘മിണ്ടല്ലേടാ’ എന്ന് ഉമ്മ പറയുന്നു.

മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ.അബ്‌ദുറ‌ഹ്‌മാൻ എഡിറ്റ് ചെയ്‌ത ‘മാർക്‌സിസം,സാമ്രാജ്യത്വം,തീവ്രവാദം -സംശയങ്ങൾക്കുള്ള മറുപടി’എന്ന പുസ്തകമാണ് താഹയുടെ വീട്ടിൽ നിന്നു കണ്ടെത്തിയതിൽ പ്രധാനപ്പെട്ട ഒരെണ്ണം. ഇതു പൊലീസ് വീഡിയോയിൽ എടുത്തു കാണിക്കുന്നുണ്ട്. എന്നാൽ, ഇതു നിരോധിത പുസ്‌തകമല്ല.

എന്നാൽ വീട്ടില്‍നിന്ന് പൊലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു താഹയുടെ മാതാവ് ജമീല പറഞ്ഞു. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മകനെക്കൊണ്ട് പൊലീസ് നിർബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയും കഞ്ചാവ് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്‌തതാണെന്ന് താഹയുടെ ഉമ്മ പറഞ്ഞിരുന്നു.

മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ടു യുവാക്കളെ അറസ്റ്റു ചെയ്‌തതിനെ ന്യായീകരിച്ച മുഖ്യമന്ത്രി അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസിനു വീഴ്‌ചപറ്റിയിട്ടില്ലെന്നും സഭയിൽ പറഞ്ഞു.

Read Also: മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്‌ലറുടെ കസേരയിൽ: രമേശ് ചെന്നിത്തല

യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നിലപാട് വ്യക്തമാക്കി. യുഎപിഎ എതിർക്കുകയാണെന്ന് പറഞ്ഞ പിണറായി യുവാക്കളെ അറസ്റ്റു ചെയ്‌ത പൊലീസ് നടപടിയെ ന്യായീകരിച്ചു. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതെന്ന് പിണറായി നിയമസഭയിൽ പറഞ്ഞു. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. യുഎപിഎ ദുരുപയോഗം ചെയ്താല്‍ ഉദ്യോഗസ്ഥരെ ന്യായീകരിക്കില്ല. കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.