കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍. കേസില്‍ പി.ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണത്തിലുറച്ച് നില്‍ക്കുന്നതായാണ് ടി പി ഹരീന്ദ്രന്‍ പ്രതികരിച്ചത്.
തനിക്ക് കുഞ്ഞാലിക്കുട്ടിയോട് ഒരു വിദ്വേഷവും ഇല്ല. പ്രസ്താവന ആരുടെയും പ്രേരണയിലല്ല. ഇനി ആരെങ്കിലും എന്തെങ്കിലും ഉപേദശിച്ച് തന്നിട്ട് അവരുടെ കോളാമ്പിയാകുന്ന ആളല്ല താന്‍. ഒരാളും എന്നോട് വെളിപ്പെടുത്തല്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. മുന്‍ ഡി.വൈ.എസ്.പി സുകുമാരന്‍ ആരോപണം നിഷേധിച്ചത് അദ്ദേഹത്തിന്റെ പരിമിതിമൂലമാണെന്നും ടി.പി.ഹരീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ടി.പി.ഹരീന്ദ്രന്റെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം തെറ്റെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പി.സുകുമാരന്‍ പറഞ്ഞത്. പി.കെ.കുഞ്ഞാലിക്കുട്ടി കേസിന്റെ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ല. അഡ്വ. ഹരീന്ദ്രന്റെ അഭിപ്രായം തേടിയിട്ടില്ലെന്നും മുന്‍ ഡിവൈഎസ്പി പറഞ്ഞിരുന്നു.
എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്‍. ഒരു പൗരന്‍ എന്ന നിലയില്‍ ഉണ്ടായ ധാര്‍മ്മിക രോഷംമൂലമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ അത്തരത്തില്‍ പ്രയോഗം നടത്തിയത്. തെണ്ടിത്തരം എന്നുപറഞ്ഞാല്‍ എന്താണ് കുഴപ്പം. ഒരു ലീഗ് നേതാവും തന്നെ ബന്ധപ്പെട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ കെ സുധാകരന്‍ തന്നെ വിളിച്ചിരുന്നു. ഇങ്ങനെയൊന്ന് പറയേണ്ടിയിരുന്നില്ലെന്ന് പറഞ്ഞതായും ഹരീന്ദ്രന്‍ പറഞ്ഞു.
ഷുക്കൂര്‍ വധത്തില്‍ പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ ഈ ഗുരുതരമായ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി ഇടപ്പെട്ടത് ജയരാജനെ പോലുള്ള നേതാവിനെ ഇത്തരത്തില്‍ വലിയ വകുപ്പ് ഇട്ട് അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ കത്തുമെന്ന് പറഞ്ഞാണ്. എന്നാല്‍ ഇത് രാഷ്ട്രീയപരമായ കൊടുക്കല്‍ വാങ്ങല്‍ മൂലമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അഡ്വ. ഹരീന്ദ്രന്‍ പറഞ്ഞു.