കൊച്ചി: ടി.പി.ചന്ദ്രശേഖരൻ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന് ചട്ടം ലംഘിച്ച് പരോള്‍ നല്‍കിയെന്ന് ആരോപിച്ച് ആര്‍എംപി നേതാവ് കെ.കെ.രമ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുഞ്ഞനന്തൻ അച്ചടക്കമുള്ള തടവുകാരനാണെന്നും നിയമാനുസൃതമായ പരോൾ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാല്‍ നേരത്തേ സര്‍ക്കാര്‍ നിലപാടിനെ കോടതി വിമര്‍ശിച്ചിരുന്നു.

അസുഖം ഉണ്ടെങ്കില്‍ പരോളിന് പകരം ചികിത്സയാണ് നല്‍കേണ്ടതെന്നായിരുന്നു കോടതി അറിയിച്ചത്. അതേസമയം, രോഗബാധിതനായതിനാൽ ശിക്ഷയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ടുളള കുഞ്ഞനന്തന്റെ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എത്രനാൾ ചികിത്സ വേണമെന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ വിശദീകരണം നൽകിയ സർക്കാർ കുഞ്ഞനന്തന് അനുകൂലമായി രംഗത്തെത്തിയിരുന്നു. പി.കെ.കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത് നിയമാനുസൃതമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നു.

കുഞ്ഞനന്തന്‍ നല്ല തടവുകാരനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പരോള്‍ നല്‍കിയത് അപേക്ഷ സ്വീകരിച്ചാണ്. സർക്കാരിന്‍റെ അനുമതിയോടെയാണ് ആഭ്യന്തര വകുപ്പ് പരോൾ നീട്ടി നൽകിയത്. കുഞ്ഞനന്തന് ഒരു വര്‍ഷം 90 ദിവസത്തിലധികം പരോള്‍ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കുഞ്ഞനന്തന് സന്ധിവാതം, കടുത്ത പ്രമേഹം എന്നിവയെ തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം അഭിഭാഷകന്‍ വാദിച്ചിരുന്നു. സര്‍ക്കാരും സമാനമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. സാധാരണഗതിയില്‍ എല്ലാവര്‍ക്കുമുണ്ടാവുന്ന അസുഖങ്ങളാണ് ഇതെല്ലാമെന്നാണ് ഇതിനോട് കോടതി പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ