scorecardresearch

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി…

വയലാര്‍ അവാര്‍ഡ്‌ ഇക്കൊല്ലം ലഭിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണന്‍ രചിച്ച ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി’ എന്ന കൃതിക്കാണ്. വയലാറിന്‍റെ ചരമ വാര്‍ഷികദിനമായ ഇന്ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ പ്രൊഫെസര്‍ എം കെ സാനു ശില്പവും പെരുമ്പടവം ശ്രീധരന്‍ പ്രശസ്തി പത്രവും സമര്‍പ്പിക്കും. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി…

മലയാളികളുടെ മനസ്സിലിന്നും മൂളിയെത്തുന്ന പാട്ടോർമ്മയാണ് വയലാർ രാമവർമ്മ. സിനിമാഗാനങ്ങളിലൂടെ മലയാളിയുടെ കലാലോകത്ത് മനോഹര തീരമൊരുക്കിയ കവി ഓർമ്മകളിലെ സ്വരരാഗമായിട്ട് ഇന്ന് നാൽപ്പത്തിരണ്ട് വർഷം. ആ കവിയുടെ, ഗാനരചയിതാവിന്‍റെ ഓർമ്മകൾ മലയാളിയുടെ സാഹിത്യ സാംസ്കാരിക ലോകത്തെയും വിശാലമായ തലത്തിൽ എത്തിച്ചു. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ ആ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിച്ച അവാർഡ് ഇന്നും അദ്ദേഹത്തിന്‍റെ ഗാനങ്ങൾ പോലെ മലയാളിക്ക് തല ഉയർത്തിപ്പിടിക്കാവുന്ന ഒന്നായി നിലകൊളളുന്നു.

നാൽപ്പത്തിയൊന്ന് വർഷമായി നൽകി വരുന്ന അവാർഡ് ലഭിച്ചവരിൽ ഭൂരിപക്ഷവും മലയാളത്തിലെ പ്രതിഭകളാണ്. ലളിതാംബിക അന്തർജനം, ഒ.വി വിജയൻ, എൻ എൻ കക്കാട്, സുകുമാർ അഴീക്കോട്, എം ടി വാസുദേവൻ നായർ, ആനന്ദ്, ടി പത്മനാഭൻ, സുഗതകുമാരി തുടങ്ങി മലയാള സാഹിത്യ ലോകത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരുടെ കൈകളിൽ വയലാർ അവാർഡ് എത്തിച്ചേർന്നു. വയലാർ അവാർഡിന്‍റെയും വയലാർ ട്രസ്റ്റിന്‍റെയും സ്ഥാപക സമയം മുതൽ ചുക്കാൻ പിടിക്കുന്ന സി വി ത്രിവിക്രമൻ, അവാർഡിനെയും ട്രസ്റ്റിനെയും കുറിച്ച് സംസാരിക്കുന്നു.

സി വി ത്രിവിക്രമന്‍

‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്ന് പാടി മറഞ്ഞ കവിയും മനുഷ്യസ്നേഹിയുമായ വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മകളെ മായാന്‍ വിടാതെ, വര്‍ഷാവര്‍ഷം പുനര്‍ജനിപ്പിച്ചതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹത്തിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം.  കഴിഞ്ഞ നാല്‍പ്പത്തിയൊന്ന് വര്‍ഷമായി ഒരു തരത്തിലുള്ള പക്ഷാഭേദമോ കളങ്കമോ നീതിയിലായ്മയോ കൂടാതെ നടത്താന്‍ സാധിച്ചു എന്നതില്‍ ചരിതാര്‍ത്ഥനാണ്.  ഈ അവാര്‍ഡ്‌ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ വിളിച്ചപ്പോള്‍ പി കെ നമ്പ്യാര്‍ പറഞ്ഞു, ‘ഇത് നിങ്ങളുടെ അവാര്‍ഡ്‌ അല്ല, ഞങ്ങളുടെതാണ്, സഹൃദയ കേരളത്തിന്‍റെതാണ്’ എന്ന്.  അങ്ങനെയൊന്ന് കേള്‍ക്കാന്‍ കഴിഞ്ഞതിലും സന്തോഷം.’

 
തുടക്കം
ഞാന്‍ വയലാര്‍ രാമവര്‍മ്മയെ പരിചയപ്പെടുന്നത് 1973 ലാണ്.  രണ്ടു വര്‍ഷം കഴിഞ്ഞു അദ്ദേഹം മരിച്ചു.  മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞു തിരിച്ചു വരുന്ന വഴി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എസ് കെ നായര്‍, എ കെ ഗോപാലന്‍ (മദ്രാസ്) എന്നിവരോടൊപ്പം ചേര്‍ത്തലയില്‍ പാതിരാ കര്‍ത്താവിന്‍റെ കടയില്‍ ആഹാരം കഴിക്കുമ്പോള്‍ എസ് കെ നായരാണ് പറഞ്ഞത്, ‘വയലാറിന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമാണ്, കടത്തിലാണ്, എന്തെങ്കിലും സഹായം ചെയ്യണം എന്ന്.’

ഞങ്ങള്‍ മുഖ്യമന്ത്രി അച്യുതമേനോന്‍ സാറിനെ കണ്ടു കാര്യം പറഞ്ഞ് ഒരു ഫണ്ട്‌ രൂപീകരിക്കാന്‍ തീരുമാനിച്ചു.  അതിന്‍റെ ചുമതല മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ എം മാത്യുവിനെ ഏല്‍പ്പിച്ചു.  സ്ഥാനമേറ്റു കൊണ്ട് അദ്ദേഹം പറഞ്ഞതിതാണ്,’ ഞാന്‍ ചുമതലയേല്‍ക്കാം, എന്നാല്‍ ഒരു നിബന്ധനയുണ്ട്.  ഇവിടെ വരവേ പാടുള്ളൂ, ചെലവ് പാടില്ല.  അടിസ്ഥാന ആവശ്യങ്ങള്‍ മനോരമ വഹിക്കും.’

കമ്മിറ്റിയുടെ ആദ്യ മീറ്റിംഗ് – കെ എം മാത്യു, അച്യുതമേനോന്‍, പി ആര്‍ എസ്‌ പിള്ളൈ, മെറിലാന്‍ഡ്‌ സുബ്രമണ്യം, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ദേവരാജന്‍, എന്‍ ഇ ബാലറാം, അപ്പച്ചന്‍, എസ് കുമാര്‍, ഇളയത് തുടങ്ങിയവര്‍

ഫണ്ട്‌ രൂപീകരണ കമ്മിറ്റിയുടെ കേരളത്തിലെ സെക്രട്ടറിയായി എന്നെയും മദിരാശിയിലെ സെക്രട്ടറിയായി എ കെ ഗോപാലനെയെയും ട്രഷററായി ജോസഫ്‌ മുണ്ടശ്ശേരിയേയും തിരഞ്ഞെടുത്തു.  ഞങ്ങള്‍ ആറു മാസം കൊണ്ട് അഞ്ചര ലക്ഷം രൂപ പിരിച്ചു.  അപ്പച്ചനും മെറിലാന്‍ഡ്‌ സുബ്രമണ്യവും പതിനായിരം രൂപ വച്ച് തന്നു.  അവിടെ നിന്നാണ് തുടങ്ങിയത്.  കൊല്ലത്ത് ജനറല്‍ പിക്ച്ചേര്‍സ് രവി അയ്യായിരം രൂപ, ഒന്നും ചോദിക്കാതെയും  പറയാതെയും തന്നു.  എസ് കെ നായര്‍ അദ്ദേഹത്തിന്‍റെ കാര്‍ ഇതിന്‍റെ ആവശ്യങ്ങള്‍ക്കായി വിട്ടു തന്നു.  പിരിവിനു മനോരമയുടെ കൂപ്പണ്‍ ഉണ്ടായിരുന്നു.  അതിന്‍റെ കണക്കുകള്‍ മനോരമയില്‍ തന്നെ ഏല്‍പ്പിക്കും.  പിന്നീട് ധന സമാഹരണത്തിന്‍റെ ഓഡിറ്റ്‌ നടന്നു. അതിന്‍റെ കണക്കുകളും കൈയ്യിലുണ്ട്‌.

വയലാറിന്‍റെ കുടുംബത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തതിനു ശേഷം ബാക്കി വന്ന തുകയില്‍ വയലാറിന്‍റെ പേരില്‍ ഒരു സാഹിത്യ പുരസ്കാരവും മദിരാശി ആശാന്‍ സ്മാരക സ്കൂളില്‍ ഒരു മലയാളം സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തി.  അദ്ദേഹം മരിച്ച അടുത്ത വര്‍ഷം തന്നെ ട്രസ്റ്റ്‌ ഉത്ഘാടനം നടന്നു.  അടുത്ത കൊല്ലം മുതല്‍ അവാര്‍ഡും കൊടുത്തു തുടങ്ങി.

അവാര്‍ഡ്‌ നിര്‍ണ്ണയം
അവാര്‍ഡ്‌ കൊടുക്കുന്ന വര്‍ഷത്തിന്‍റെ ഡിസംബര്‍ 31 തൊട്ട്  പിറകോട്ടു അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല മൗലിക കൃതിക്കാണ് അവാര്‍ഡ്‌.  തര്‍ജ്ജമയോ, നേരത്തെ എഴുതിയതില്‍ മാറ്റങ്ങള്‍ വരുത്തിയതോ ആകാന്‍ പാടില്ല.  ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചത് പരിഗണിക്കും.

നിയമാവലി അനുസരിച്ച് 150 പേരോട് ചോദിക്കണം എന്നാണ്.  എന്നാല്‍ ഞങ്ങള്‍ 200-250 പേരോട് ചോദിക്കും – നിങ്ങളുടെ അഭിപ്രായത്തില്‍ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മൂന്ന് കൃതികള്‍ ഏതൊക്കെ എന്ന്.  സ്റ്റാമ്പൊട്ടിച്ച കവറിലാണ് അത് എഴുതി വാങ്ങിക്കുന്നത്.  കിട്ടുന്നത് ട്രസ്റ്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊട്ടിക്കും.  ഇത് പരിശോധിച്ച്, ലിസ്റ്റ് തയ്യാറാക്കി, അതില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട 5 കൃതികള്‍ തിരഞ്ഞെടുത്ത് 20 പേര്‍ക്ക് അയയ്ക്കും.  കലാ സാംസ്കാരിക രംഗത്തെ വിദഗ്ദര്‍ക്കാണ് അയയ്ക്കുക.  2011 വരെയുള്ള ഈ 20 പേരുടെ ലിസ്റ്റ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്യ വയലാര്‍ അവാര്‍ഡ്‌ ലളിതാംബിക അന്തര്‍ജ്ജനത്തിന് സമ്മാനിക്കുന്ന എ കെ ആന്റണി

ഇവരോട് ഞങ്ങള്‍ അയച്ചു കൊടുത്ത പുസ്തകങ്ങളെക്കുറിച്ച് ഒരു നിരൂപണക്കുറിപ്പും, ഒരു റാങ്കിഗും (മുന്‍ഗണനാ ക്രമം) ആവശ്യപ്പെടും.  അതില്‍ ഒന്നാം സ്ഥാനത്തിനു 11 പോയിന്റ്‌,   രണ്ടാം സ്ഥാനത്തിന് 7 പോയിന്റ്‌, മൂന്നാം സ്ഥാനത്തിന് 3 പോയിന്റ്‌ എന്ന രീതിയില്‍ കൂട്ടി, ഏറ്റവും കൂടുതല്‍ പോയിന്റ്‌ ലഭിക്കുന്ന മൂന്ന് കൃതികള്‍ എടുക്കും.  ഇത് ഒരു ജഡ്ജിംഗ് കമ്മിറ്റിയ്ക്ക് കൊടുക്കും.  അവരും നിരൂപണക്കുറിപ്പുകള്‍ തരും.

ഒടുവില്‍ ഈ 23 നിരൂപണക്കുറിപ്പുകളും പകര്‍ത്തിയെടുത്ത്, (ആരുടേയും അക്ഷരം തിരിച്ചറിയാനാകാത്ത രീതിയില്‍) വീണ്ടും ജഡ്ജിംഗ് കമ്മിറ്റിയ്ക്ക് വിടും.  കമ്മിറ്റി കൂടുന്നതിന് തൊട്ട് മുന്‍പേ, അത് വരെ നടന്ന തിരഞ്ഞെടുപ്പിന്‍റെ രീതികളെക്കുറിച്ചും, നിരൂപണങ്ങള്‍ തന്ന ആളുകളെക്കുറിച്ചും, പോയിന്റ്‌ ടാബുലേറ്റ് ചെയ്തതിനെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തും.  പിന്നീട് അവര്‍ ചര്‍ച്ച ചെയ്തു അവാര്‍ഡ്‌ തീരുമാനം കൈക്കൊള്ളും.  വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ്‌ പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് ഇത് നടക്കുന്നത്.

മലയാളഭാഷയെ സമ്പന്നമാക്കിയ പുരസ്കാരം
എഴുത്തുകാരനല്ല, കൃതിക്കാണ് വയലാര്‍ അവാര്‍ഡ്‌.  ഇത് ലഭിച്ചവരെല്ലാം കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോയിട്ടേയുള്ളൂ.

പുരസ്കൃതമായ ഓരോ കൃതിക്കും അനേകം എഡിഷനുകള്‍ ഉണ്ടായി.  പെരുമ്പടവം ശ്രീധരന്‍റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ യുടെ നൂറാമത്തെ പതിപ്പാണ്‌ ഇനി വരാന്‍ പോകുന്നത്.  അങ്ങനെ വയലാര്‍ അവാര്‍ഡ്‌ ലഭിക്കുന്ന എല്ലാ കൃതികളെയും കേരളം നെഞ്ചേറ്റിയിട്ടുണ്ട്.  ഈ അവാര്‍ഡ്‌ ഏര്‍പ്പെടുത്തുന്ന കാലത്ത് സി അച്യുതമേനോന്‍ പറഞ്ഞു, ‘ത്രിവിക്രമാ, ഈ അവാര്‍ഡ്‌ മലയാള ഭാഷയെ സമ്പന്നമാക്കുന്ന ഒന്നാകണം’ എന്ന്.  ഭാഷാപരമായും സാമ്പത്തികമായും, ഒരളവു വരെ അത് സാധിച്ചു എന്ന് തന്നെയാണ് തോന്നുന്നത്.

1991 ലെ വയലാര്‍ അവാര്‍ഡ്‌, ഓ വി വിജയന്‍, ഗുരുസാഗരം. മലയാറ്റൂര്‍ രാമകൃഷ്ണന്‍, സി വി ത്രിവിക്രമന്‍ എന്നിവര്‍ സമീപം

കേരളത്തിലെ മിക്കാവാറും എല്ലാ ജില്ലകളിലും മദിരാശിയിലും വച്ച് പുരസ്കാര ചടങ്ങ് നടത്തിയിട്ടുണ്ട്.  തുടക്കകാലത്ത് ഇതൊരു വലിയ സാഹിത്യ ഉത്സവം പോലെയാണ് നടത്തിയിരുന്നത്, വിവിധ പരിപാടികളോടെ.  1989 ന് ശേഷം ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു ദിവസത്തേക്ക് ചുരുക്കി, ചടങ്ങ് തിരുവനന്തപുരത്തേക്ക് മാത്രമായി ഒതുക്കി.

വയലാര്‍ അവാര്‍ഡ്‌ ഇക്കൊല്ലം ലഭിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണന്‍ രചിച്ച ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി’ എന്ന കൃതിക്കാണ്.  വയലാറിന്‍റെ ചരമ വാര്‍ഷികദിനമായ ഇന്ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ പ്രൊഫെസര്‍ എം കെ സാനു കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പെരുമ്പടവം ശ്രീധരന്‍ പ്രശസ്തി പത്രവും സമര്‍പ്പിക്കും.  ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.’

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: T d ramakrishnan to be presented with vayalar award for novel sugandhi enna aandaal devanayaki vayalar rama varma trust

Best of Express