ന്യൂഡൽഹി: സീറോ മലബാർ സഭ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി. ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹർജിക്കാർക്ക് പരാതിയുണ്ടെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിവാദ ഭൂമി ഇടപാടില്‍ കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിക്കും വൈദികർക്കും എതിരെ കേസ് എടുക്കാനുള്ള ഉത്തരവ് ഹെക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കർദിനാളിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. കേസിൽ പൊലീസ് നടപടികൾ സ്വീകരിക്കുന്നതും ഡിവിഷൻ ബെഞ്ച് തടഞ്ഞിരുന്നു. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വിധി.

ഇത് ചോദ്യം ചെയ്താണ് സഭാ വിശ്വാസികളായ ഷൈന്‍ വര്‍ഗീസ്, മാര്‍ട്ടിന്‍ പയ്യമ്പള്ളി എന്നിവർ സുപ്രിം കോടതിയെ സമീപിച്ചത്. ഭൂമി തട്ടിപ്പിന് കൂട്ടുനിന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും അന്വേഷണവുമായി മുന്നോട്ടു പോകാൻ അനുവദിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാനാണ് രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി സഭാ നിയമ പ്രകാരം വിവിധ വൈദിക സമിതികളില്‍ ചര്‍ച്ച നടത്തുകയും വില്‍പ്പനയ്‌ക്കായി സമിതിയെ നിയോഗിക്കുകയുമായിരുന്നു. എന്നാല്‍ ഈ ഭൂമി വില്‍പ്പന രൂപതയ്‌ക്കു വന്‍ നഷ്‌ടമാണുണ്ടാക്കിയെന്നു തിരിച്ചറിഞ്ഞതോടെയാണ് സംഭവം വിവാദമായതും ഒരു വിഭാഗം വൈദികര്‍ നടപടിയാവശ്യപ്പെട്ടു രംഗത്തെത്തിയതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.