ന്യൂഡൽഹി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദം സുപ്രീംകോടതിയിൽ. വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മാര്‍ട്ടിന്‍ പയ്യാപ്പള്ളില്‍ എന്നയാളാണ് ഹർജി നൽകിയത്.

ഭൂമിയിടപാടില്‍ അന്വേഷണത്തിന്മേലുളള ഹൈക്കോടതി സ്റ്റേ നീക്കണമെന്നും അന്വേഷണവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അതേസമയം, കര്‍ദിനാള്‍ പക്ഷവും തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നൽകിയിട്ടുണ്ട്. കര്‍ദിനാളിനൊപ്പം കേസില്‍ പ്രതി ചേര്‍ത്തിയിട്ടുള്ള ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടമാണ് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തത്.

വിവാദ ഭൂമി ഇടപാടില്‍ കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിക്കും വൈദികർക്കും എതിരെ കേസ് എടുക്കാനുള്ള ഉത്തരവ് ഹെക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കർദിനാളിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. കേസിൽ പൊലീസ് നടപടികൾ സ്വീകരിക്കുന്നതും ഡിവിഷൻ ബെഞ്ച് തടഞ്ഞിരുന്നു. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ