കൊച്ചി: സന്യാസിനി സമൂഹത്തിൽ​ തനിക്ക് നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു കന്യാസ്ത്രീ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് പറഞ്ഞതെന്ന് സഭയുടെ വിശദീകരണം.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് ആരോപിച്ച കന്യാസ്ത്രീ സഹായവും നീതിയും തേടി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സമീപിച്ചുവെങ്കിലും നീതി കിട്ടിയില്ല എന്ന പരാതി ഉയർന്നിരുന്നു. ബിഷപ്പ് പരാതി നിഷേധിച്ചതിനെ തുടർന്ന് കന്യാസ്ത്രീയും കർദിനാളും തമ്മിലുളള ഫോൺ സംഭാഷണം ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു.

ഫോൺ സംഭാഷണം നടന്നുവെന്നത് സഭ നിഷേധിക്കുന്നില്ലെങ്കിലും അതിലെ ഉളളടക്കം തെറ്റിദ്ധാരണാജനകമാണെന്ന് സഭയുടെ വക്താവ് ഫാ. ഡോ.ജിമ്മി പൂച്ചക്കാട്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന പീഡന ആരോപണത്തെക്കുറിച്ചു സീറോ മലബാര്‍ സഭ മേജര്‍ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നേരത്തെ അറിവുണ്ടായിരുന്നെന്ന തരത്തില്‍ ഒരു ഫോണ്‍ സംഭാഷണം ചിലര്‍ പ്രചരിപ്പിക്കുന്നതു തെറ്റിദ്ധാരണജനകമെന്ന് സഭാ കാര്യാലയം. പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ചു നേരത്തെതന്നെ പൊലീസിനോടു വിശദീകരിച്ചിരുന്നുവെന്നും സീറോ മലബാർ സഭ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.

സന്യാസിനി സമൂഹത്തില്‍ തനിക്കു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കന്യാസ്ത്രീ ഫോണ്‍ സംഭാഷണത്തിലൂടെ കര്‍ദിനാളിനെ അറിയിച്ചത്. സന്യാസിനി സമൂഹത്തിന്റെ കാര്യത്തില്‍ തനിക്ക് അധികാരമില്ലെന്നതിനാല്‍ വിഷയം അപ്പസ്‌തോലിക് നുണ്‍ഷ്യോയുടെയോ സിസിബിഐ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉപദേശിക്കുകയാണു കര്‍ദിനാള്‍ ചെയ്തത്. തനിക്കു ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്നു കന്യാസ്ത്രീ സംഭാഷണത്തിലെവിടെയും പറയുന്നില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനോടും പത്രക്കുറിപ്പിലൂടെയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി സഭയെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലനീയമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

എന്നാൽ ഫോൺ സംഭാഷണത്തിൽ സഭയുടെ അവകാശവാദങ്ങൾക്കെതിരായുളള​ കാര്യങ്ങളാണ് ഉളളതെന്ന് പുറത്തുവന്നിട്ടുളള ശബ്ദരേഖ വ്യക്തമാക്കുന്നു.

Read More: കന്യാസ്ത്രീയ്‌ക്ക് പീഡനം: ‘തനിക്ക് സഹായം ചെയ്യാൻ കഴിയില്ല’ കർദിനാളും കന്യാസ്ത്രീയും തമ്മിലുളള ഫോൺ സംഭാഷണം പുറത്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.