കൊച്ചി: സീറോ മലബാർ സഭയിൽ ഭൂമി വിൽപ്പന വിവാദവുമായി ബന്ധപ്പെട്ട് കർദ്ദിനാളിനെതിരെ വൈദികരുടെ പടയൊരുക്കം. വിശ്വാസികളുമായി ചേർന്നാണ് വൈദികരുടെ പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇവരുടെ ആദ്യ യോഗം നടന്നതായും റിപ്പോർട്ടുണ്ട്.

കർദ്ദിനാളിനെ പ്രതിസ്ഥാനത്ത് നിർത്തിയ ഭൂമിവിൽപ്പന വിവാദത്തിൽ ശക്തമായ നിലപാടെടുക്കുന്നതിനാണ് സംഘടന പ്രാധാന്യം നൽകിയിരിക്കുന്നത്. കർദ്ദിനാളിനെ കുറ്റവിമുക്തനാക്കാൻ ശ്രമം ഉണ്ടായാൽ പരസ്യ പ്രതിഷേധവുമായി രംഗത്ത് വരാനാണ് വൈദികരുടെ തീരുമാനം. ഇക്കാര്യം യോഗത്തിൽ വൈദികർ വ്യക്തമാക്കി.

എറണാകുളം-അങ്കമാലിഅതിരൂപതയിലെ വൈദികരാണ് കർദ്ദിനാളിനെതിരെ സംഘടിച്ചത്. രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം വിവാദമുണ്ടാകുന്നതും. സഭയുടെ അച്ചടക്കത്തെ മറികടന്ന് പ്രതിഷേധം മുറുകിയതും. ഇതുസംബന്ധിച്ച വാർത്തകൾ ഐഇ മലയാളം നേരത്തേ മുതലേ റിപ്പോർട്ട് ചെയ്തിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാനാണ് രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി സഭാ നിയമ പ്രകാരം വിവിധ വൈദിക സമിതികളില്‍ ചര്‍ച്ച നടത്തുകയും വില്‍പ്പനയ്ക്കായി സമിതിയെ നിയോഗിക്കുകയുമായിരുന്നു. എന്നാല്‍ ഈ ഭൂമി വില്‍പ്പന രൂപതയ്ക്കു വന്‍ നഷ്ടമാണുണ്ടാക്കിയെന്നു തിരിച്ചറിഞ്ഞതോടെയാണ് സംഭവം വിവാദമായതും ഒരു വിഭാഗം വൈദികര്‍ നടപടിയാവശ്യപ്പെട്ടു രംഗത്തെത്തിയതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ