കൊച്ചി: ഭൂമി കുംഭകോണ വിഷയത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്നു നടക്കുന്ന പ്രിസ്ബിറ്റല്‍ കൗണ്‍സിലില്‍ അന്തിമ റിപ്പോര്‍ട്ടു സമര്‍പ്പിക്കും. റിപ്പോർട്ടിൽ സഭയക്ക് ഈ ഇടപാട് നടത്തുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുളളതെന്നാണ് വാർത്ത. സാമ്പത്തികമായി മാത്രമല്ല, ധാർമ്മികമായ വീഴ്ചയും സഭയുടെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലുകളെ പൂർണ്ണമായും ശരിവെയ്കുന്നതാണ് അന്തിമ റിപ്പോർട്ടെന്നും ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു.

റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ജനുവരി 31 വരെ സമയം അനുവദിച്ചിരുന്നെങ്കിലും അന്വേഷണം പൂര്‍ത്തിയായതിനാല്‍ വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാണ് അന്വേഷണ കമ്മീഷന്റെ തീരുമാനമെന്നാണ് വിവരം. ഇന്നു 2.30 ന് എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്തു നടക്കുന്ന പ്രിസ്ബിറ്റല്‍ കൗണ്‍സിലില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായമെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ട 60 വൈദികരും പങ്കെടുക്കും.ഡിസംബര്‍ 21-നു നടന്ന വൈദികരുടെ കൂട്ടായ്മയായ പ്രിസ്ബിറ്റോറിയം വിഷയത്തില്‍ മാര്‍പാപ്പയ്ക്കു പരാതി അയക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പാസാക്കാനായാണ് ഇന്നു പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ വിളിച്ചിരിക്കുന്നതെന്നു വൈദികര്‍ പറയുന്നു. നേരത്തേ കമ്മീഷന്‍ തയാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ഭൂമി വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും ഫിനാന്‍സ് ഓഫീസറായ ഫാ.ജോഷി പുതുവയ്ക്കും മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടനും വീഴ്ചപറ്റിയെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നു രണ്ടു വൈദികരെയും ഔദ്യോഗിക ചുമതലകളില്‍ നിന്നു നീക്കിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തിലെ കലഹം പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുന്നു. ഭൂമി വിൽപ്പന ഇടപാടിലെ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിൽ കർദിനാൾ ഉൾപ്പടെയളളവരുടെ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന വാർത്ത വന്നതോടെയാണ് ഇരുവിഭാഗങ്ങളും പരസ്യമായി രംഗത്തു വന്നത്. ഏറെക്കാലമായി ആരാധാന ക്രമത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുളള തർക്കം ഭൂമി വിവാദത്തോടെ സീറോ മലബാർ സഭയെ തന്നെ പിടിച്ചു കുലുക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ഏതാനും കാലങ്ങളായി സഭയ്ക്കുളളിൽ മാത്രം പുകഞ്ഞു കൊണ്ടിരുന്ന വിവാദം ഭൂമി വിൽപ്പന ഇടപാടോടെയാണ് പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങിയത്.
സഭയുടെ ഇടക്കാല റിപ്പോർട്ടും സഹായ മെത്രാനായ സെബാസ്റ്റ്യൻ എടയനത്രത്തിന്രെ  സർക്കുലറും ഈ വിഷയത്തിൽ വിവാദം കൂടുതൽ ശക്തമാക്കി. സഭയിലെ വൈദികരും അൽമായരും രണ്ടായി ചേരി തിരിയുന്ന അവസ്ഥ രൂപപ്പെട്ടു.
കർദിനാൾ ആലഞ്ചേരിക്കെതിരെ ഉളള നീക്കമായി ഇതിനെ കാണുന്നവരും ഉണ്ട്. ഏകപക്ഷീയമാണ് ഇന്ത്യൻ കാത്തലിക് ഫോറം പി ആർ ഒ വിനു മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നു സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കര്‍ദിനാളിന്റെ അംഗീകാരത്തോടെ മാര്‍പാപ്പയ്ക്ക് അയയ്ക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഭൂമി ഇടപാട് സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. ഇതോടെ സഭയ്ക്ക് പുറത്തേയ്ക്ക് വിഷയം മാറുകയാണ്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാനുള്ള തീരുമാനവും ഇതിനായി ബാങ്ക് വായ്പയെടുത്തതുമാണ് എറണാകുളം-അങ്കമാലി അതിരൂപതയെ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമിയാണ് വാങ്ങിയതെങ്കിലും മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല.

ഒന്നരവര്‍ഷം മുമ്പാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന്‍ തീരുമാനിക്കുന്നത്. ഇതിനായി എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര്‍(ഇത് 14 പ്ലോട്ടുകളായി തിരിച്ചു), എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം മൊത്തം 27 കോടിക്കു വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ ലഭിച്ചത് 9 കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്. ഇത് വന്‍ നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായതും വൈദികരും കര്‍ദിനാളും തമ്മില്‍ ഭിന്നത ഉടലെടുത്തതും. ഭിന്നത പിന്നീട് പരസ്യ പോര്‍വിളിയിലേക്കു നീങ്ങിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പെര്‍മന്റ് സിനഡ് പരസ്യ പ്രതികരണം നിര്‍ത്തണമെന്നു വൈദികരോടാവശ്യപ്പെട്ടെങ്കിലും ഇതിനു ഫലമുണ്ടായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ