തിരുവനന്തപുരം: പെസഹാ ദിനത്തിൽ സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന് സിറോ മലബാർ സഭയുടെ തീരുമാനം. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇതുസംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. പരന്പരാഗത രീതിയൽ പുരുഷന്മാരുടെ കാലുകൾ കഴുകിയാൽ മതിയെന്നാണ് സർക്കുലറിൽ പറയുന്നത്.

ഇത്തവണ സിറോ മലബാർ സഭയുടെ കീഴിലുളള പളളികളിൽ സ്ത്രീകളുടെ കാൽ കഴുകൽ ശുശ്രൂഷ നടത്തേണ്ടതില്ല. പരന്പരാഗത രീതിയിൽ നടത്തുന്നതുപോലെ പുരുഷന്മാരുടെയും ആൺകുട്ടികളുടെയും കാൽ കഴുകിയാൽ മതിയെന്നാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്. ലത്തീൻ സഭയ്ക്ക് മാത്രമാണ് ഇതു നിർബന്ധമാക്കിയിട്ടുളളതെന്ന് വത്തിക്കാൻ വ്യക്തമാക്കിയിരുന്നു. അവർ പോലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെത്തിയിട്ടില്ല. ഇത്തരത്തിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സർക്കുലറിൽ പറയുന്നു.

പെസഹാ ദിനത്തിലെ കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകൾക്കും തടവുകാർക്കും പങ്കാളിത്തം നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. സിറോ മലബാർ, മലങ്കര സഭകൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല കഴിഞ്ഞ പെസഹാ ദിനത്തില്‍ തടവുകാരുടെയും വനിതകളുടെയും അടക്കമുള്ളവരുടെ പാദങ്ങള്‍ കഴുകിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാ ആചരിച്ചത്.

മാർപാപ്പയുടെ നിർദേശത്തിലെ വിയോജിപ്പ് സിറോ മലബാർ സഭ അപ്പോൾതന്നെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി വത്തിക്കാനോട് ആവശ്യപ്പെടുകയും ചെയ്തു. ലത്തീൻ സഭകൾക്ക് മാത്രമാണ് നിർദേശം ബാധകമെന്നും സിറോ മലബാർ, മലങ്കര സഭകൾക്ക് അവരുടേതായ തീരുമാനം എടുക്കാമെന്നുമായിരുന്നു വത്തിക്കാനിൽനിന്നും ലഭിച്ച വിവരം. ഇതേത്തുടർന്ന് കഴിഞ്ഞ പെസഹാ ദിനത്തിൽ സ്ത്രീകളുടെ കാൽ കഴുകേണ്ടതില്ലെന്ന് സഭകൾ തീരുമാനമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തവണയും പെസഹാ ദിനത്തിൽ പരന്പരാഗതമായ രീതിയിൽ ചടങ്ങുകൾ നടത്തിയാൽ മതിയെന്നു സിറോ മലബാർ സഭ തീരുമാനമെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ