തൊടുപുഴ: എറണാകുളം-അങ്കമാലി അതിരൂപതയെ പ്രതിരോധത്തിലാക്കിയ ഭൂമി വിൽപ്പന വിവാദത്തില്‍ തന്ത്രങ്ങൾ മാറുന്നു ഭിന്നത രൂക്ഷമാകുന്നു. സീറോമലബാർ സഭയുടെ സിനഡിൽ ഈ വിഷയം ചർച്ച ചെയ്ത് നടപടിയെടുക്കണമെന്ന ആവശ്യവുമായി വൈദിക സമിതി കൂടെ പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു.
ഭൂമി വിൽപ്പന വിവാദത്തിൽ പ്രതിക്കൂട്ടിലായ കര്‍ദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്കെതിരെ വൈദിക സമിതി കടുത്ത തീരുമാനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. നാളെ മുതല്‍ 13 വരെ എറണാകുളം മൗണ്ട് സെന്റ് തോമസ് ആസ്ഥാനത്തു നടക്കുന്ന സിനഡില്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തു നടപടിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് വൈദിക സമിതി രംഗത്തെത്തിയിട്ടുള്ളത്.

സിനഡില്‍ വിഷയം പ്രധാന അജണ്ടയായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ സിനഡില്‍ പങ്കെടുക്കുന്ന 62-ഓളം ബിഷപ്പുമാര്‍ക്കു കത്തു നല്‍കി. കത്തിനൊപ്പം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം സംബന്ധിച്ച അന്വേഷണ കമ്മീഷന്റെ ഫൈനല്‍ റിപ്പോര്‍ട്ടിന്റെ കോപ്പിയും ബിഷപ്പുമാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. സിനഡില്‍ വിഷയം ചര്‍ച്ച ചെയ്ത് സഭയ്ക്കു നാണക്കേടായ ഭൂമി വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം സഭയുടെ സല്‍പ്പേരിനു കളങ്കമായെന്നും ഈ വിഷയത്തില്‍ നടപടിക്കായി കേരളത്തിലെ സഭ ഒന്നാകെയും വിശ്വാസികളും കാത്തിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. മാധ്യമങ്ങള്‍ വന്‍തോതില്‍ റിപ്പോര്‍ട്ടു ചെയ്ത വിഷയമായതുകൊണ്ടുതന്നെ പൊതുസമൂഹത്തിനും ഈ വിഷയത്തിൽ താല്‍പര്യമുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രസ്ബിറ്റല്‍ കൗണ്‍സില്‍ മീറ്റിങ് തടഞ്ഞെങ്കിലും സിനഡിനെ സമ്മര്‍ദത്തിലാക്കി ഭൂമി വിഷയത്തില്‍ നടപടിയെടുപ്പിക്കാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ വൈദിക സമിതിയുടെ നീക്കം.

സിനഡില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുള്‍പ്പടെ 62-ഓളം ബിഷപ്പുമാര്‍ പങ്കെടുക്കുന്നുണ്ട്. സിനഡില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ എല്ലാ ബിഷപുമാരും പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കണമെന്ന തരത്തിലാണ് പ്രതികരിക്കുന്നതെങ്കില്‍ ഉടന്‍ പ്രസ്ബിറ്റല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനും തുടര്‍ന്നു പരാതി മാര്‍പാപ്പയ്ക്ക് അയക്കാനും കഴിയുമെന്നാണ് വൈദികരുടെ പ്രതീക്ഷ. ഭൂമി വിവാദത്തില്‍ നടപടിയെടുക്കാന്‍ സിനഡ് തയാറായില്ലെങ്കില്‍ സിനഡിന് കഴിഞ്ഞതിന് അടുത്ത ദിവസം തന്നെ വൈദികര്‍ ഒപ്പിട്ട പരാതിയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും മാര്‍പാപ്പയ്ക്ക് അയച്ചുകൊടുക്കാനാണ് വൈദിക സമിതിയുടെ തീരുമാനം.

എറണാകുളം അങ്കമാലി രൂപതയിയിലെ വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനാണ് സിനഡഡിൽ പങ്കെടുക്കുന്ന ബിഷപ്പുമാർക്ക് കത്ത് അയച്ചിരിക്കുന്നത്. അതിരൂപതാ ഭരണത്തിൽ ഭൂമാഫിയസംഘങ്ങളുടെ കടന്നുകയറ്റവും കളളപ്പണത്തിന്രെ കടന്നുകയറ്റവും അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തിരന്നുവെന്നും ആ കത്തിൽ പറയുന്നു.
ഇതിന് പുറമെ, ഭൂമി വിഷയത്തില്‍ നിലപാടു കടുപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ദിനാളിനെ എറണാകുളം -അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ നടക്കുന്ന പരിപാടികളില്‍ ബഹിഷ്‌കരിക്കാനും പള്ളികള്‍ രൂപതയ്ക്കു നല്‍കുന്ന പിരിവു നിര്‍ത്താനും വൈദിക സമിതി തീരുമാനിച്ചതായും അറിയുന്നു.

കത്തോലിക്കാ സഭയുടെ കീഴിലുള്ള കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിന്റെ കീഴില്‍ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “ഇന്ത്യന്‍ കറന്റ്‌സ്” എന്ന വീക്കിലിയിൽ ഭൂമി വിവാദത്തെ കുറിച്ചുളള ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനുളള ശ്രമത്തെ വിലക്കിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. കത്തോലിക്കാ സഭയെയും കര്‍ദിനാളിനെയും സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയ ഭൂമി വിവാദത്തിനെ നിശിതമായ ഭാഷയിലുള്ള ലേഖനങ്ങളാണ് ഇതിലുളളത്. പ്രസിദ്ധീകരണത്തിന്രെ പുതിയ ലക്കം വിലക്കിയെങ്കിലും അത് പി ഡി എഫ് രൂപത്തിൽ വൈദികരുടെയും അൽമായരുടെയും കൈകളിലെത്തിച്ചായിരുന്നു എതിർ വിഭാഗം സഭാ നേതൃത്വത്തിന്രെ നീക്കത്തിനെതിരെ തിരിച്ചടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ