കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന വിവാദത്തെ കുറിച്ചും അതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ പ്രശ്നത്തെ കുറിച്ച് പഠിച്ച് പരിഹരിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. എറണാകുളത്ത് ചേർന്ന സീറോ മലബാർ സഭയുടെ സിനഡിൽ നടന്ന ചർച്ചകളെ തുടർന്നാണ് സമിതിയെ നിയോഗിച്ചത്.

ഉടൻ ചർച്ച നടത്തി പരിഹാരം കാണാനാണ് സിനഡിന്രെ നിർദേശം. ബിഷപ്പുമാരുടെ സമിതിയെയാണ് നിയോഗിച്ചിട്ടുളളത്. അഞ്ചംഗ സമിതിയെയാണ് പ്രശ്നപരിഹാരത്തിനായി നിയോഗിച്ചത്. ആർച്ച് ബിഷപ്പ്  മാർ മാത്യു മൂലക്കാട്ടായിരിക്കും സമിതി അധ്യക്ഷൻ. ആർച്ച് ബിഷപ്പിന് പുറമെ  മാർ ജേക്കബ് മനത്തോടത്ത്, മാർ തോമസ് ചക്യത്ത്, മാർ ജോർജ് മഠത്തി കണ്ടത്തിൽ, മാർ ആന്രണി കരിയിൽ എന്നിവരുൾപ്പെട്ടതാണ്  പ്രത്യേക സമിതി.

സിനഡ് യോഗത്തിന് മുമ്പ് യോഗത്തിൽ പങ്കെടുക്കുന്ന ബിഷപ്പുമാർക്ക് വൈദിക സമിതി സെക്രട്ടറി ഭൂമി വിൽപ്പന വിവാദത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സഭയുടെ കൈവശമുളള ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു.  രൂപതയുടെ കൈവശമുളള അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ സ്ഥലങ്ങൾ 27 കോടി രൂപ വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. വിൽപ്പന കഴിഞ്ഞപ്പോള്‍ ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്. ഭൂമി കൃത്യമായ രീതിയില്‍ ലേലം ചെയ്തു വിറ്റെങ്കില്‍ കുറഞ്ഞത് 70 കോടി രൂപ ലഭിക്കുമായിരുന്നു. എന്നാല്‍ സഭയ്ക്കു ലഭിച്ചത് ആര്‍ക്കും വേണ്ടാത്ത രണ്ടു സ്ഥലങ്ങളും ഒന്‍പതു കോടി രൂപയുമായിരുന്നു. ഇത്തരത്തില്‍ നഷ്ടം വന്നതെന്നാണ് വൈദികരുടെ ആരോപണം.

ഇത് വിവാദമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്രെ അടിസ്ഥാനത്തിൽ രണ്ട് വൈദികരെ അവരുടെ ചുമതലകളിൽ നിന്നും ഒഴിവാക്കി. അന്തിമ റിപ്പോർട്ടിൽ കർദിനാളിനെ എതിരെയും പരാമർശങ്ങളുണ്ടായിരുന്നു. ഇതേ കുറിച്ച് ചർച്ച ചെയ്യാൻ വൈദിക സമിതിയോഗം തീരുമാനിച്ചിരുന്നുവെങ്കിലും യോഗം നടന്നില്ല. അൽമായരുടെ പ്രതിനിധികളെന്ന് അവകാശപ്പെട്ട് മൂന്ന് പേർ കർദിനാളിനോട് യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുകയും അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും ചെയ്തതിനെ തുടർന്ന് യോഗം മാറ്റിവയ്ക്കുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

ഇതിന് ശേഷമാണ് ഭൂമി വിൽപ്പനയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ചർച്ച ചെയ്ത് നടപടിയെടുക്കാൻ സിനഡ് തയ്യാറാകണമെന്നും ആവശ്യപ്പെട്ട് വൈദിക സമിതി സെക്രട്ടി ഫ്രാൻസിസ് മുണ്ടാടൻ സിനിഡിലുളള 62 ബിഷപ്പുമാർക്ക് കത്ത് നൽകിയത്. സാമ്പത്തികപ്രശ്നം മാത്രമല്ല, ഈ ഭൂമി വിൽപ്പന ഇടപാട് ഉയർത്തുന്നതെന്നും ചില ധാർമ്മിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും വൈദികർ നേരത്തെ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇതിനിടയിൽ  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമി വില്‍പ്പന വിവാദം കവര്‍ സ്‌റ്റോറിയാക്കിയ സഭാ പ്രസിദ്ധീകരണത്തിന് വിലക്കേർപ്പെടുത്തിയതും ഇതിനിടയിൽ വിവാദമായി. കത്തോലിക്കാ സഭയുടെ കീഴിലുള്ള കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിന്റെ കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന “ഇന്ത്യന്‍ കറന്റ്‌സ്” എന്ന വീക്കിലിയിലാണ് പ്രസിദ്ധീകരണം വിലക്കി സഭ രംഗത്തെത്തിയത്. ഇതോടെ പ്രസിദ്ധീകരണത്തിന്രെ പിഡിഎഫ് പകർപ്പുകൾ പ്രചരിപ്പിച്ച് മറുവിഭാഗവും സഭയിലെ ഭിന്നത ഒന്നുകൂടി വ്യക്തമാക്കി.

ഭൂമി വിൽപ്പന വിഷയം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് ഉൾപ്പടെ മാർപാപ്പയ്ക്ക് പരാതി അയക്കാനാണ് വൈദികരുടെ തീരുമാനം. സിനഡിന്റെ തീരുമാനം തൽക്കാലത്തേയ്ക്ക് പരാതി അയക്കലിൽ നിന്നും അവരെ പിന്തിരിപ്പിക്കുമെന്നാണ് കർദിനാളിനെ  അനുകൂലിക്കുന്നവർ പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook