കൊച്ചി: സിറോ മലബാർ സഭയിൽ പരാതി പരിഹാര സമിതി രൂപീകരിക്കാൻ തീരുമാനം. കൊച്ചിയിൽ ചേർന്ന സിനഡ് യോഗത്തിലാണ് തീരുമാനം. സമിതിയിൽ അൽമായരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു. പരാതികൾ ലഭിച്ചാൽ ഉടനടി പരിഹാരം കണ്ടെത്താനാണ് തീരുമാനം.

സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലും എല്ലാവർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് സമിതി രൂപീകരിക്കുന്നത്.  ഇതിനായി  സേഫ് എൻവയോൺമെന്‍റ് പോളിസി നടപ്പാക്കും. സീറോ മലബാർ സഭയിലെ 55 മെത്രാന്മാർ ഉൾപ്പെടുന്നതാണ് സിനഡ്.

എറണാകുളം – അങ്കമാലി അതിരൂപതയിൽ ഉയർന്നുവന്ന ഭൂമിയിടപാട്, പിന്നാലെ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയാക്കപ്പെട്ട കന്യാസ്ത്രീ പീഡന കേസ് എന്നിവയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

അതേസമയം, സിസ്റ്റര്‍ ലൂസി കളപ്പുരയെ  വിമര്‍ശിച്ച് ദീപികയില്‍ ലേഖനം വന്നിരുന്നു. ഇക്കാര്യത്തിൽ സിനഡ് യോഗം ഇതുവരെ പ്രതികരിച്ചിട്ടില്ല.  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് നടപടി നേരിടുന്ന കന്യാസ്ത്രീയാണ് സിസ്റ്റർ ലൂസി കളപ്പുര.

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും  പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്‌പേരുണ്ടാക്കിയെന്നടക്കം നിരവധി ആരോപണങ്ങളാണ് ലൂസിക്കെതിരെയുളളത്.  ബ്രഹ്മചര്യവൃതം നോക്കാത്ത പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.