കൊച്ചി: ഭൂമി വിൽപന, വ്യാജരേഖ വിവാദം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് സീറോ മലബാർ സഭയുടെ നിർണായക സിനഡ് ഇന്ന് കൊച്ചിയിൽ തുടങ്ങു തുടങ്ങും. വിവാദ വിഷയങ്ങൾ ചർച്ചയാകുമെന്ന് സഭാ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. പതിനൊന്ന് ദിവസം ഇത്തവണ സിനഡ് ചേരുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയും ദിവസം സിനഡ് നീണ്ടുനിൽക്കുന്നത്.
സഭാ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ ചേരുന്ന യോഗത്തിൽ 57 മെത്രാൻമാർ പങ്കെടുക്കും. ചരിത്രത്തിൽ ആദ്യമായി അൽമായ നേതാക്കളുമായും സിനഡ് അംഗങ്ങൾ ചർച്ച നടത്തും. വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും, മേജർ സെമിനാരികളിലെ റെക്ടർമാരും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
Also Read: ദുരിതഭൂമിയിലെ ദുരന്തങ്ങള്‍; കവളപ്പാറയില്‍ നിന്നും പുരോഹിതരുടെ ‘ഗ്രൂപ്പ് സെല്‍ഫി’, പ്രതിഷേധം ശക്തം
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ നേരത്തെ ഉപവാസ സമരവുമായി രംഗത്തെത്തിയിരുന്നു. അന്ന് പൂര്‍ണ സിനഡ് കര്‍ദിനാളിനെതിരായ മറ്റ് പരാതികള്‍ ചര്‍ച്ച ചെയ്യുമെന്ന ഉറപ്പിലും സഹായ മെത്രാന്മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടുമെന്ന ഉറപ്പിലുമാണ് സമരം അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ കർദിനാളിനെതിരായ ആരോപണങ്ങൾ സിനഡിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടങ്ങാനാണ് വിമതരുടെ തീരുമാനം.
സഹായ മെത്രാന്മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതോടൊപ്പം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, സിനഡ് ഭരണത്തിലും ക്രയവിക്രയത്തിലും അൽമായർക്ക് കൂടി പങ്കാളിത്തമുള്ള സമിതി രൂപീകരിക്കുക എന്നീ ആവശ്യങ്ങളും വിമതർ മുന്നോട്ട് വയ്ക്കുന്നു. അതേസമയം, കർദിനാളിനെതിരെ സമരം ചെയ്യുന്ന വൈദികർക്കെതിരെ നടപടി ആവശ്യപ്പെട്ട് മറുപക്ഷവും രംഗത്തുണ്ട്. എന്തായാലും സീറോ മലബർ സഭ നിർണായക തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ്