കൊച്ചി: കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം ഇന്ന് ചേരും. വൈദികര്‍ പരസ്യ പ്രതിഷേധം നടത്തിയ സാഹചര്യം സിനഡ് ചര്‍ച്ച ചെയ്യും.

സഭാ ആസ്ഥാനമായ കൊച്ചി മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡില്‍ ബിഷപ് ജേക്കബ് മനത്തോടത്ത് ഒഴികെയുള്ള മുഴുവന്‍ അംഗങ്ങളും പങ്കെടുക്കും. കലൂര്‍ റിവന്യൂവല്‍ സെന്ററില്‍ യോഗം ചേര്‍ന്ന വൈദികര്‍ സഹായമെത്രാന്മാര്‍ക്കെതിരായ നടപടിക്കെതിരെ പ്രമേയവും പാസാക്കിയിരുന്നു. വത്തിക്കാന്‍ തീരുമാനത്തെ എതിര്‍ത്ത് യോഗം ചേര്‍ന്ന വൈദികര്‍ക്കെതിരെ നടപടി വേണമെന്നാണ് കർദിനാള്‍ അനുകൂലികളുടെ ആവശ്യം. കർദിനാളിന്റെ അധ്യക്ഷതയിലാണ് സ്ഥിരം സിനഡ് ചേരുന്നത്.

കര്‍ദിനാളിന്റെ നേതൃത്വം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിമത വൈദികര്‍ രംഗത്ത് വരികയും ഇതിനെ ചൊല്ലി സഭയില്‍ ഭിന്നത രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് നിർണായക സിനഡ് ചേരുന്നത്. അതേസമയം, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് റോമിലായതിനാല്‍ സ്ഥിരം സിനഡില്‍ പങ്കെടുക്കില്ല. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട വിപുലമായ സിനഡ് ഓഗസ്റ്റിലാണ് ചേരുന്നത്.

തങ്ങളുന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവാത്ത പക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്ന് വിമത വിഭാഗം വൈദികര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വത്തിക്കാന്‍ തീരുമാനത്തെയും സഭാ നേതൃത്വത്തെയും അംഗീകരിക്കാത്ത വൈദികര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ദിനാള്‍ പക്ഷം രംഗത്ത് വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.