കൊച്ചി: സിറോ മലബാർ സഭയുടെ സിനഡ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. വിവാദ ഭൂമി ഇടപാട്, വ്യാജരേഖ കേസ് അടക്കം വിമതർ ഉന്നയിച്ച വിഷയങ്ങളിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വിമത വിഭാഗം സഭാ ആസ്ഥാനത്ത് ഇന്ന് പ്രാർത്ഥന യഞ്ജവും നടത്തുന്നുണ്ട്. വിമതവിഭാഗത്തിലെ അൽമയരുടെ സംഘമാണ് പ്രാർത്ഥന യഞ്ജം സംഘടിപ്പിക്കുന്നത്.

വൈദികര്‍ പ്രതികളായ വ്യാജരേഖാ കേസ് ഉടന്‍ പിന്‍വലിക്കണമെന്നാണ് കൂട്ടായ്മയുട പ്രധാന ആവശ്യം.ബിഷപ്പ് ജേക്കബ് മനത്തോടത്തിന് അതിരൂപതയുടെ ഭരണനിര്‍വഹണച്ചുമതല നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സഹായ മെത്രാന്മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതോടൊപ്പം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നും വിമതർ ആവശ്യപ്പെടുന്നു.

നേരത്തെ സഭാ ആസ്ഥാനത്തിന് മുന്നിൽ കുടിൽ കെട്ടി സമരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും മെത്രാന്മാരുടെ അഭ്യർത്ഥന മാനിച്ച് പ്രാർത്ഥനാ യജ്ഞം ആക്കി മാറ്റുകയായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ നേരത്തെ ഉപവാസ സമരവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം സീറോമലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. കര്‍ദിനാളിന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.