കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നതായി സിറോ മലബാര്‍ സഭ സിനഡ് ആരോപിച്ചു. പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുകയാണെന്ന് സിനഡിൽ ആരോപണമുയർന്നു.

കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നു സിറോ മലബാർ സഭ കുറ്റപ്പെടുത്തി. മതപരമായി കാണാതെ ക്രമസമാധാനപ്രശ്‌നമായി കണ്ട് ഇതിന്മേല്‍ നടപടിയെടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് സിനഡ് ചേർന്നത്.

Read Also: Horoscope Today January 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പൊളിറ്റിക്കൽ ഇസ്‌ലാം അപകടകരമാണെന്ന് കെസിബിസി വക്‌താവ് നേരത്തെ വിമർശനമുന്നയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് കെസിബിസി ഇങ്ങനെയൊരു വിമർശനവുമായി രംഗത്തെത്തിയത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ വിമർശിച്ചും ആയിരുന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ വിവാദ ലേഖനം. പൗരത്വ നിയമത്തിനെതിരേ രാഷ്ട്രീയപാര്‍ട്ടികള്‍ വേണ്ടത്ര ചിന്തയില്ലാതെയാണു സമരത്തിനിറങ്ങിയതെന്നു കുറ്റപ്പെടുത്തുന്ന ലേഖനം കഴിഞ്ഞ ചൊവ്വാഴ്ച ജന്മഭൂമിയിലാണു പ്രസിദ്ധീകരിച്ചത്.

കുടിയേറ്റത്തിന്റെ കാരണങ്ങള്‍ ചികയുന്ന ലേഖനം, മതപ്രചാരണത്തിനും മതരാഷ്ട്ര സ്ഥാപനത്തിനുമുള്ള വ്യക്തിപരവും സാമൂഹികവുമായ കടമയെന്ന നിലയില്‍ പലായനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിക്കുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ ബുദ്ധികേന്ദ്രത്തിന്റെയോ വ്യക്തികളുടേയോ പ്രവര്‍ത്തനം എന്നതിനേക്കാള്‍ ലോകമാകെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാം എന്ന റാഡിക്കല്‍ മൂവ്മെന്റിന്റെയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ശക്തികളുടെയും സമ്മിശ്ര പ്രവര്‍ത്തന ഫലമാണിതെന്നു പഠനങ്ങള്‍ തെളിയിക്കുന്നതായും ലേഖകന്‍ സമർഥിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook