കൊച്ചി: ലൗ ജിഹാദ് ആരോപണത്തിലുറച്ച് സിറോ മലബാർ സഭ. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും നിലപാടിൽ മാറ്റമില്ലെന്നും  സഭ വ്യക്തമാക്കി. ലൗ ജിഹാദിനെതിരായ ആരോപണങ്ങൾ മുസ്‌ലിം സമുദായത്തിനെതിരായി ചിത്രീകരിക്കരുതെന്നും സഭാ അധികൃതർ പറയുന്നു.

കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ ഇന്നു പറഞ്ഞത്. കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണു ലോക്‌സഭയിൽ പറഞ്ഞത്. ബെന്നി ബെഹന്നാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ  വിവിധ രൂപതകളിൽനിന്നു ലഭിച്ച പരാതികൾ പരിശോധിച്ചാണ് ലൗ ജിഹാദ് ആരോപണം സിനഡ് ഉന്നയിച്ചതെന്നു സിറോ മലബാർ സഭ പറയുന്നു.

Read Also: പ്രദീപും ദയയും ഏറ്റുമുട്ടുമ്പോൾ; ബിഗ് ബോസിലെ പുതിയ വെളിപ്പെടുത്തലുകൾ ആർക്ക് വിനയാകും

കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന സീറോ മലബാർ സഭയുടെ നിലപാടിലാണ് ബെന്നി ബെഹന്നാൻ എംപി ചോദ്യം ഉന്നയിച്ചത്. ക്രിസ്ത്യൻ പെൺകുട്ടികൾ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിന്റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ.വര്‍ഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തിൽ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിശദീകരണം.

അതേസമയം ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന കാര്യം കേരള സംസ്ഥാന സർക്കാരും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ രണ്ട് മത വിഭാഗക്കാർ തമ്മിൽ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാൽ എൻഐഐ അടക്കം അന്വേഷിച്ചിട്ടും ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും സഹമന്ത്രി വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.