കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയെ പിടിച്ചു കുലുക്കിയ ഭൂമി വിവാദത്തില്‍ ഏഴു മാസത്തിനു ശേഷം വത്തിക്കാന്‍ നടത്തിയത് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’. ഭൂമി വിവാദം സഭയെ ബാധിച്ചിട്ടില്ലെന്നും നിസാര പ്രശ്‌നമാണെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച സീറോ മലബാര്‍ സിനഡിലെ മെത്രാന്‍മാര്‍ക്കു കിട്ടിയ തിരിച്ചടിയാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തിനെ വത്തിക്കാൻ നേരിട്ട് നിയമിച്ചത്.

ഭൂമി വിവാദത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ നല്‍കിയ റിപ്പോര്‍ട്ടുകളും ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും വത്തിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ നേരിട്ടു പരിശോധിച്ചതായാണ് വിവരം.

പുതിയ നിയമനത്തോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജര്‍ ആര്‍ച്ചുബിഷപായി തുടരുമെങ്കിലും ഭരണപരമായ യാതൊരു അധികാരങ്ങളുമുണ്ടാകില്ല. ഇന്നാണ് ഔദ്യോഗികമായി ചുമതലയേൽക്കുന്നതെങ്കിലും ഇന്നലെത്തന്നെ എറണാകുളത്തെത്തിയ മാര്‍ മനത്തോടത്ത് നടപടികള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു.

വിവാദമായ സഭാ ഭൂമി ഇടപാട് അന്വേഷിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കുമെന്നു പറഞ്ഞ അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ നിയമനങ്ങളും അടിയന്തിരമായി ഇന്നലെത്തന്നെ നടത്തി.

എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ പ്രോ പ്രോട്ടോസിഞ്ചെല്ലൂസായി ഡോക്ടര്‍ വര്‍ഗീസ് പൊറ്റക്കലിനെയും ഫാദര്‍ സെബാസ്റ്റ്യന്‍ മാണിക്കാത്തിനെ പുതിയ പ്രോ ഫിനാന്‍സ് ഓഫീസറായും ഫാദര്‍ ജോസ് പൊള്ളയിലിനെ പുതിയ പ്രോ ചാന്‍സലറായും ഫാദര്‍ ബിജു പെരുമായനെ പുതിയ പ്രോ വൈസ് ചാന്‍സലറായും നിയമിച്ചിട്ടുണ്ട്.

പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നിയമനത്തോടെ പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ ഉള്‍പ്പടെയുള്ള എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള എല്ലാ സമിതികളും സസ്‌പെന്‍ഡു ചെയ്തു.

ഈ സമിതികള്‍ വീണ്ടും വിളിച്ചുകൂട്ടാനും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുമുള്ള അധികാരം പുതിയ അഡ്മിനിസ്‌ട്രേറ്ററായ മാര്‍ മനത്തോടത്തിനായിരിക്കും. മാര്‍ മനത്തോടത്തിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ പറയുന്നത് ഭൂമി വിവാദത്തോടെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും വൈദികരും തമ്മിലുണ്ടായ രൂക്ഷമായ ഭിന്നത പരിഹരിച്ചു സഭയില്‍ സമാധാനം കൊണ്ടു വരികയെന്നതും ഇതിനൊപ്പം ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതുമാണ്.

അതേസമയം ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന വൈദികനായ ഫാദര്‍ മുണ്ടാടന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്നു വൈകുന്നേരം നാലിന് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന ചടങ്ങിലായിരിക്കും മാര്‍ മനത്തോടത്ത് വത്തിക്കാന്‍ സ്ഥാനപതിയും ആര്‍ച്ചുബിഷപ്പുമായ ജംബതിസ്ത ദിക്വാതോയുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത്.

ഭൂമി വിവാദത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാരെയും പുതിയ സംവിധാനത്തോടെ അധികാരത്തിനു പുറത്തു നിര്‍ത്തുന്നതില്‍ വത്തിക്കാന്‍ വിജയിച്ചു.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും സഹായമെത്രാന്‍മാരായി തുടരുമെങ്കിലും ഭരണപരമായ യാതൊരു അധികാരങ്ങളുമുണ്ടായിരിക്കില്ല.

അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാർ ജേക്കബ് മാനത്തോടത്തിനെ ഇനി കുർബാനയിലും പ്രാർത്ഥനകളിലും അനുസ്മരിക്കണമെന്നും നിർദേശം നൽകി കഴിഞ്ഞു.

“അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ ദൗത്യം നമ്മുടെ അതിരൂപതയിൽ തുടരുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ പേര് വിശുദ്ധ കുർബ്ബാനയിലും യാമ പ്രാർത്ഥനയിലും മറ്റ് പ്രാർത്ഥനകളിലും അനുസ്മരിക്കേണ്ടതാണ്.”, ‘അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മെത്രാനു വേണ്ടിയും’ എന്നാണ് അദ്ദേഹത്തെ അനുസ്മരിക്കുമ്പോൾ ചൊല്ലേണ്ടത് എന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറത്തിറക്കിയ സർക്കുലറിൽ​ വ്യക്തമാക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ