കൊച്ചി: ഭൂമി വിവാദത്തിൽ സഭയ്ക്കുളളിൽ വീണ്ടും ഭിന്നത രൂക്ഷമാകുന്നു. ഭൂമി വിവാദത്തില്‍ കര്‍ദിനാളിനും മറ്റു മൂന്നുപേര്‍ക്കുമെതിരേ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ പ്രതിസന്ധിയിലായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്. ഹൈക്കോടതി ഉത്തരവിന് ശേഷം ചേര്‍ന്ന പെര്‍മനന്റ് സിനഡ് കര്‍ദിനാളിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്ന തരത്തില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യാജമാണെന്ന വിശദീകരണവുമായി വൈദിക സമിതി സെക്രട്ടറി കുര്യക്കോസ് മുണ്ടാടന്‍ ഇന്ന് പുതിയ പത്രക്കുറിപ്പിറക്കിയതോടെയാണ് മെത്രാന്‍മാരും വൈദിക സമിതിയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്.

‘ഇന്നലത്തെ കോടതി വിധിയുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയുടെ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നിന്നും പെര്‍മനന്റ് സിനഡ് പിതാക്കന്‍മാരുടെ പേരില്‍ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പ് ഔദ്യോഗികമായ ലെറ്റര്‍പാഡിലുള്ളതായിരുന്നില്ല എന്നു മാത്രമല്ല ഉത്തരവാദിത്വപ്പെട്ട ആരുടെയും പേരോ ഒപ്പോ ഉണ്ടായിരുന്നുമില്ല. ചില പത്രങ്ങളില്‍ ആ കുറിപ്പ് എറണാകുളം-അങ്കമാലി അതിരൂപതയുടേതായി വരികയും ചെയ്തു.ആ പത്രക്കുറിപ്പുമായി എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു യാതൊരു ബന്ധവുമില്ലെന്ന് അതിരൂപതയുടെ പിആര്‍ഒ പോള്‍ കരേടന്‍ പറഞ്ഞു.

സിനഡല്‍ കമ്മീഷന്‍ വൈദിക സമിതിയോടു നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ ധാരണകളുടെയും നഗ്നമായ ലംഘനമായിരുന്നു ആ കുറിപ്പില്‍ ഉണ്ടായിരുന്നത്. സത്യത്തിനു നിരക്കാത്ത ഈ പത്രക്കുറിപ്പ് തികച്ചും നിരുത്തരവാദപരമായിരുന്നുവെന്ന് വൈദികസമിതി വിലയിരുത്തി. അതിനാല്‍ സീറോ മലബാര്‍ സഭയിലെ പെര്‍മനന്റ് സിനഡ് പിതാക്കന്‍മാര്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വപൂര്‍ണമായ ഉപദേശം നല്‍കി ആലഞ്ചേരി പിതാവിന്റെ വിശ്വാസ്യതയും സീറോ മലബാര്‍ സഭയുടെ അന്തസ്സും ഉയര്‍ത്തണമെന്നും എറണാകുളം-അങ്കമാലി വൈദിക സമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടു.’ വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഹൈക്കോടതി വിധിക്കു ശേഷം കൂടിയ പെര്‍മനന്റ് സിനഡ് കര്‍ദിനാളിന് പിന്തുണ പ്രഖ്യാപിച്ചെന്നും ഭൂമി വില്‍പ്പന നടത്തിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നുമുള്ള തരത്തിലാണ് ഇന്നലെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത്. എന്നാല്‍ ഭൂമി വിവാദത്തില്‍ കര്‍ദിനാളുമായി ഇടഞ്ഞുനില്‍ക്കുന്ന വൈദികര്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കൂടുതല്‍ കടുത്ത നീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ഇപ്പോഴത്തെ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.