തൊടുപുഴ: സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയെ കടുത്ത പ്രതിസന്ധിയിലാക്കി ഭൂമി വില്‍പ്പന ആരോപണത്തിൽ വിവാദം മുറുകുന്നു. കോടികളുടെ അഴിമതി ആരോപണം ഉന്നയിക്കുന്ന ഭൂമി കുംഭകോണത്തിൽ നടപടിയാവശ്യപ്പെട്ട് എറണാകുളം -അങ്കമാലി അതിരൂപയിലെ വൈദികര്‍ ഇന്ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ഒത്തു കൂടി.

രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം വിവാദമുണ്ടാകുന്നതും. സഭയുടെ അച്ചടക്കത്തെ മറികടന്ന് പ്രതിഷേധം മുറുകിയതും. കഴിഞ്ഞ ദിവസം ഐഇ മലയാളം ഭൂമി കുംഭകോണത്തെ കുറിച്ചുളള ആരോപണം അത് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചതും റിപ്പോർട്ട്ചെയ്തിരുന്നു.

Read More:ഭൂമിയുടെ അവകാശികളാര്? സീറോ മലബാർസഭയിലെ ഭൂമി കച്ചവട കുംഭകോണം അന്വേഷിക്കാൻ കമ്മിഷൻ

ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളം ബസലിക്കയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തിലും അതി രൂക്ഷമായ തര്‍ക്കമുണ്ടായി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് ഭൂമ വില്‍പ്പനയ്ക്ക് ഇടനില നിന്നവരെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു പരാതി നല്‍കണമെന്നുവരെ യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. അവരെ വളരെ സമയമെടുത്തും ഉറപ്പുകൾ നൽകിയുമാണ് അനുനയിപ്പിച്ചതെന്നാണ് അറിയുന്നത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടു വരുന്നതു വരെ കാത്തിരിക്കാമെന്ന ഒരു വിഭാഗം വൈദികരുടെ മധ്യസ്ഥ നിര്‍ദേശം ഒടുവില്‍ വൈദികര്‍ അംഗീകരിക്കുകയായിരുന്നുവെന്നാണ് സഭാ വൃത്തങ്ങളില്‍ പറയുന്നു.

സഭയുടെ സ്വത്ത് വേണ്ടത്ര മുന്‍കരുതലില്ലാതെ വിറ്റത് പൊതു സമൂഹത്തില്‍ സഭയുടെ പ്രതിഛായ മോശമാക്കാനിടയാക്കിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ വിഷയം നിസാരമായി തള്ളിക്കളയാന്‍ പാടില്ലെന്നുമായിരുന്നു ഇന്നു മീറ്റിംഗില്‍ പങ്കെടുത്ത ഭൂരിഭാഗം വൈദികരുടെയും അഭിപ്രായം. എന്നാല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുവന്ന ശേഷം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് മുതിര്‍ന്ന വൈദികര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. എന്നാല്‍ ഇന്നു നടന്ന യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുത്തിരുന്നില്ല.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാനാണ് രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി സഭാ നിയമ പ്രകാരം വിവിധ വൈദിക സമിതികളില്‍ ചര്‍ച്ച നടത്തുകയും വില്‍പ്പനയ്ക്കായി സമിതിയെ നിയോഗിക്കുകയുമായിരുന്നു. എന്നാല്‍ ഈ ഭൂമി വില്‍പ്പന രൂപതയ്ക്കു വന്‍ നഷ്ടമാണുണ്ടാക്കിയെന്നു തിരിച്ചറിഞ്ഞതോടെയാണ് സംഭവം വിവാദമായതും ഒരു വിഭാഗം വൈദികര്‍ നടപടിയാവശ്യപ്പെട്ടു രംഗത്തെത്തിയതും.

കോടികളുടെ തിരിമറി പോലും ആരോപിക്കപ്പെുന്നു. 27 കോടി രൂപയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ച ഭൂമി ഒമ്പത് കോടി രൂപ ലഭിച്ചതോടെ കര്‍ദിനാള്‍ ആധാരങ്ങളില്‍ ഒപ്പിട്ടു നല്‍കുകയായിരുന്നു. ബാക്കി തുകയ്ക്കു ഭൂമി വാങ്ങിയയാള്‍ ഈടായി പൂയംകുട്ടി വനത്തിനു സമീപമുള്ള ഭൂമിയും കോതമംഗലത്തുള്ള ഭൂമിയും സഭയുടെ പേരില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഈടായി നല്‍കിയ ഭൂമി ആര്‍ക്കും വേണ്ടാത്ത വസ്തുവാണെന്നും നഗര ഹൃദയത്തിലുള്ള ഭൂമി വിറ്റ് വനത്തിനു സമീപത്തുള്ള പരിസ്ഥിതി ലോല മേഖലയിലുള്ള ഭൂമി വാങ്ങിയത് രൂപതയെ കബളിപ്പിച്ചതാണെന്നും ഇതിനു നേതൃത്വം കൂട്ടുനിന്നുവെന്നും ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. കച്ചവടത്തില്‍ സഭയ്ക്ക് കോടികളുടെ നഷ്ടമാണുണ്ടായതെന്നും പരാതിക്കാരായ വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാപനപതിവഴി മാര്‍പാപ്പയ്ക്കു പരാതി നല്‍കാനുള്ള നീക്കത്തിലാണിപ്പോള്‍ ഒരു വിഭാഗം വൈദികർ ആലോചിക്കുന്നത്. എന്നാൽ സഭയെ പ്രതിക്കൂട്ടിലാക്കുന്ന നടപടികൾ വേണ്ടെന്ന നിലപാടുളളവരുമുണ്ട്. നേരത്തെ സംഭവം വിവാദമായപ്പോൾ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ജനുവരി അവസാനത്തോടെ കമ്മീഷൻ റിപ്പോർട്ട് നൽകുമെന്നും അതിന് ശേഷം മതി മറ്റ് കാര്യങ്ങളെന്നും നിലപാടുളളവരുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ