കൊച്ചി: ഭൂമി വിൽപ്പന വിവാദത്തിന്റെ പേരില്‍ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിച്ച് എറണാകുളം അങ്കമാലി അതിരൂപത. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധികാരത്തിൽ നിന്നും ദൈനംദിന കാര്യങ്ങളുടെ അധികാരം എടുത്തുമാറ്റിയതിന് പിന്നാലെ ഈ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണവിധേയവരാവർക്കെതിരെയും നടപടി. കർദിനാൾ നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത് എന്നാണ് അറിയുന്നത്.

ഈ​​ ഇടപാടുമായി ബന്ധപ്പെട്ട് മോൺ. സെബാസ്റ്റ്യൻ വടക്കുംപാടനോട് നിർബന്ധിത വിരമിക്കലിനാണ് സഭ നിർദേശിച്ചത്. അദ്ദേഹത്തെ എഠക്കുന്ന പ്രീസ്റ്റ് ഹോമിലേയ്ക്ക് ഈ​ മാസം മുതൽ മാറ്റും. ഫാ.ജോഷി പുതുവയെ എറണാകുളം യൂണിവേഴ്സിറ്റി സെന്ററിലുളള​ കുരിശ് പളളിയുടെ ചുമതലയിലേയ്ക്കും ഉപരിപഠനത്തിനുമാണ് നിയോഗിച്ചത്. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കർദിനാൾ നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ​ ഫിനാൻസ് ഓഫീസറുടെ സ്ഥാനത്ത് നിന്നും ജോഷി പുതവയെയും അസിസ്റ്റന്റ് ഫിനാൻസ് ഓഫീസറായിരുന്ന മോൺ സെബാസ്റ്റ്യൻ വടക്കുംപാടനെയും നേരത്തെ മാറ്റിയിരുന്നു. അതിലും കടുത്ത നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് സഭാവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

സിബിസിഐ മീറ്റിലുണ്ടായ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ അധികാരങ്ങള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനു കൈമാറി. ഭൂമി വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയ രണ്ടു വൈദികരുള്‍പ്പടെ എഴുപതോളം വൈദികരെയാണ് ഇന്നലെ ഇറങ്ങിയ സ്ഥലം മാറ്റ ഉത്തരവിൽ ഉൾപ്പെട്ടിട്ടുളളത്. ഈ​മാസം 24 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും..

ഭൂമി വില്‍പ്പനയ്ക്കു നേതൃത്വം നല്‍കിയ ഫാ. ജോഷി പുതുവ, മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍ എന്നിവരെ പൂര്‍ണമായി ഒതുക്കി. നേരത്തേ ഭൂമി വില്‍പ്പനയില്‍ വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്തിയ ഇരുവരെയും സഭാ നേതൃത്വം ചുമതലകളില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു. അതേസമയം എറണാകുളം-അങ്കമാലി അതിരൂപയിലെ ഭൂമി വിവാദത്തില്‍ നടപടിയാവശ്യപ്പെട്ടു മുന്‍നിരയില്‍ നിന്ന ഫാ. അഗസ്റ്റിന്‍ വട്ടോളി, വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍, ഫാ.ജോസഫ് പാറേക്കാട്ടില്‍ എന്നിവര്‍ക്കെതിരേ സ്ഥലം മാറ്റമോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. സിനഡ് അന്വേഷണവും ഈ വൈദികരുടെ നിലപാടിനൊപ്പമാണ് എന്ന സൂചനയാണ് ഇത് നൽകുന്നത്.

കഴിഞ്ഞ മാസം ചേര്‍ന്ന സീറോ മലബാര്‍ സഭാ സിനഡ് നിയോഗിച്ച കമ്മീഷന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സഹായ മെത്രാന്മാരാര്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ വിട്ടുനല്‍കണമെന്നു സിനഡ് കര്‍ദിനാളിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സിനഡ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികാരം കൈമാറാന്‍ കര്‍ദിനാള്‍ തയാറായിരുന്നില്ല. തുടര്‍ന്നു ബെംഗളൂരുവിൽ നടക്കുന്ന കാത്തലിക് ബിഷപ്‌സ് കോണ്‍ഫറസ് ഓഫ് ഇന്ത്യ (സിബിസിഐ) സമ്മേളനത്തില്‍ വച്ച് സീറോ മലബാര്‍ സഭാ സിനഡ് വീണ്ടും അടിയന്തരമായി അധികാരം കൈമാറാന്‍ കര്‍ദിനാളിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അധികാരം കൈമാറാന്‍ കര്‍ദിനാള്‍ തയ്യാറായത്.

അധികാരം കൈമാറിയതോടെ വൈദിക സമിതി വിളിക്കാനും ദൈനംദിന ഭരണം നടത്താനുമുള്ള അവകാശം സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനു ലഭിക്കും. ഇതിനിടെ ഭൂമി വിവാദവുമായി ബന്ധപ്പെട്ടു ഇന്ന് (ഞായറാഴ്ച) പള്ളികളില്‍ വായിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറിലും ഭൂമി വില്‍പ്പനയിലുണ്ടായ നഷ്ടം ആശങ്കയുളവാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. വൈദികരുടെ സമയോചിതമായ ഇടപെടലാണ് കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവരാന്‍ സഹായകമായതെന്നു പറയുന്ന സര്‍ക്കുലര്‍ നിലവിലെ ഭൂമി വിവാദം എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും മാത്രമല്ല സീറോ മലബാര്‍ സഭയ്ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയെന്നും തുറന്നു സമ്മതിക്കുന്നു. സീറോ മലബാര്‍ സഭയുടെ മുഴുവന്‍ ചുമതല വഹിക്കുന്ന കര്‍ദിനാളിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടത്ര സമയം കിട്ടില്ലെന്നും അതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. നിലവിലെ പ്രശ്‌നങ്ങള്‍ ലിറ്റര്‍ജിയുമായി ബന്ധപ്പെട്ടതാണെന്ന് പല ഭാഗത്തുനിന്നും പ്രചാരണങ്ങളുണ്ടെങ്കിലും ഇതു ശരിയല്ലെന്നും  ഇത്തരം ആരോപണങ്ങള്‍ക്കു ചെവികൊടുക്കേണ്ടതില്ലെന്നും  സർക്കുലറിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ