scorecardresearch

“കർദിനാളിന്‍റെ പാപം” പ്രസിദ്ധീകരണത്തിനെതിരെ വിലക്കുമായി സഭ

സഭ അച്ചടി വിലക്കിയ പ്രസിദ്ധീകരണത്തിന്രെ പി ഡി എഫ് പ്രചരിപ്പിച്ച് വൈദികരും അൽമായരും തിരിച്ചടിക്കുന്നു

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമി വില്‍പ്പന വിവാദം കവര്‍ സ്‌റ്റോറിയാക്കിയ സഭാ പ്രസിദ്ധീകരണത്തിന് വിലക്ക്. അവസാന നിമിഷം സഭാ നേതൃത്വം പ്രസിദ്ധീകരണത്തിന് മേൽ കടുംവെട്ട് നടത്തിയത്.

കത്തോലിക്കാ സഭയുടെ കീഴിലുള്ള കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിന്റെ കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന “ഇന്ത്യന്‍ കറന്റ്‌സ്” എന്ന വീക്കിലിയിലാണ് കത്തോലിക്കാ സഭയെയും കര്‍ദിനാളിനെയും സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയ ഭൂമി വിവാദത്തിനെ നിശിതമായ ഭാഷയിലുള്ള ലേഖനങ്ങളിലൂടെ വിമര്‍ശിക്കാനൊരുങ്ങിയത്. എന്നാല്‍ ഇന്നു പുറത്തിറങ്ങേണ്ട വീക്കിലി അച്ചടിക്കുന്നതു വേണ്ടെന്നു വയ്ക്കാന്‍ ഇന്നലെ വൈകുന്നേരം കപ്പൂച്ചിന്‍ സന്യാസ സമൂഹം പ്രൊവീന്‍ഷ്യാള്‍ ബിനോയി കപ്പൂച്ചിന്‍ “ഇന്ത്യന്‍ കറന്റ്‌സ്” ചീഫ് എഡിറ്റര്‍ ഫാദര്‍ സുരേഷ് മാത്യുവിനു നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

പ്രൊവിന്‍ഷ്യാളിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മാസിക അച്ചടിക്കുന്നതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതേസമയം കര്‍ദിനാളിനെയും സഭയുടെ ഭൂമി കുംഭകോണത്തെയും നിശിതമായി വിമര്‍ശിക്കുന്ന മാസിക പുറത്തുവരുന്നതു തടഞ്ഞതിനു പിന്നില്‍ കര്‍ദിനാളിന്റെ ഇടപെടലാണെന്നാണ് എറണാകുളം -അങ്കമാലി രൂപതയിലെ ഒരു വിഭാഗം വൈദികര്‍ ആരോപിക്കുന്നു. വീക്കിലി അച്ചടിക്കുന്നതു തടഞ്ഞെങ്കിലും തയാറാക്കിയ മാസികയിലെ ഉള്ളടക്കങ്ങളടങ്ങിയ പിഡിഎഫ് പുറത്തുവന്നിട്ടുണ്ട്.

land row by Jeevan Ram on Scribd

കാര്‍ദിനാൾസ് സിന്‍( കർദിനാളിന്രെ മാരക പാപം) എന്നതാണ് മാസികയുടെ കവര്‍. എറണാകുളം-അങ്കമാലി രൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് നാലു ലേഖനങ്ങളാണ് മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദൈവശാസ്ത്ര പണ്ഡിതനും മുതിര്‍ന്ന വൈദികനുമായ ഫാ. എ അടപ്പൂര്‍ എഴുതിയ “ലാന്‍ഡ് ഡീല്‍സ് പുട്ട്‌സ് ദ് ചര്‍ച്ച് ഇന്‍ മെസ്” എന്ന ലേഖനത്തില്‍ സഭാ നേതൃത്വത്തിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതിനൊപ്പം ഇപ്പോഴത്തെ ഭൂമി വിവാദം ഒരു തിരിഞ്ഞു നോട്ടത്തിനുള്ള അവസരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

മുന്‍പ് കത്തോലിക്കാ സഭ ബാലപീഢനത്തിന്റെ പേരിലായിരുന്നു പ്രതിസന്ധിയിലായിരുന്നതെങ്കില്‍ വരുംകാലങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലായിരിക്കും പ്രതിസന്ധിയിലാകുന്നതെന്നും ഇന്ത്യന്‍ കറന്റസ് വീക്കിലിയിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലേഖനങ്ങളില്‍ ഭൂമി വിഷയം സഭയ്ക്കുള്ളിലുണ്ടാക്കാന്‍ പോകുന്ന ധാര്‍മിക പ്രശ്‌നങ്ങളെ ഏതു രീതിയിലായിരിക്കും കൈകാര്യം ചെയ്യുകയെന്നും വിവിധ സമിതികള്‍ ഉണ്ടായിട്ടും ഇതൊന്നും അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഭൂമി വില്‍പ്പന നടത്തിയതെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. ഇത്രത്തോളം പ്രശ്‌നം വഷളായിട്ടും എന്തുകൊണ്ടാണ് കര്‍ദിനാള്‍ നിശബ്ദത തുടരുന്നതെന്നും ലേഖനങ്ങളിലൂടെ വീക്കിലി ചോദ്യം ഉന്നയിക്കുന്നുണ്ട്.

അന്വേഷണ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും ലേഖനങ്ങളിലുണ്ട്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സഭാ പ്രസിദ്ധീകരണം തന്നെ പുറത്തിറക്കുന്ന ഇംഗ്ലീഷ് മാസിക വത്തിക്കാനിലെത്തിയാല്‍ അത് കര്‍ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു ദോഷം ചെയ്യുമെന്നതു മുന്‍കൂട്ടി കണ്ടാണ് പ്രൊവിന്‍ഷ്യാളിനെ സമ്മര്‍ദത്തിലാക്കി അച്ചടിക്കും മുമ്പ് വീക്കിലി പിന്‍വലിച്ചതെന്നാണ് ആരോപണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Syro malabar church land dispute publication ban