കൊച്ചി: ഭൂമി വിൽപ്പനക്കേസിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണം. തനിക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ഹർജി ഹൈക്കോടതി തള്ളി.
കാനൻ നിയമം അനുസരിച്ചാണ് സഭാ ഭരണമെന്നും ഭൂമി വിൽക്കാൻ തനിക്കധികാരമുണ്ടെന്നുമുള്ള ആലഞ്ചേരിയുടെ വാദം കോടതി തള്ളി. വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് ആലഞ്ചേരി കോടതിയെ സമീപിച്ചത്.
തനിക്കെതിരായ കേസ് തെളിവില്ലെന്ന് കണ്ട് മജിസ്ടേറ്റു കോടതി തള്ളിയിട്ടും ഒരേ വിഷയത്തിൽ വിവിധ കോടതികളിൽ നിരവധി കേസുകൾ നൽകിയിരിക്കുകയാണെന്നും ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കർദിനാളിന്റെ ഹർജി. ഭൂമി വിൽക്കാൻ തനിക്കധികാരമുണ്ടെന്നും വിവിധ തലങ്ങളിൽ ആലോചിച്ചായിരുന്നു വിൽപ്പനയെന്നും കർദിനാൾ വ്യക്തമാക്കി.
എറണാകുളം, മരട്, കാക്കനാട് കോടതികളിലാണ് ആലഞ്ചേരിയെ എതിർകക്ഷിയാക്കി സഭാംഗങ്ങൾ ഹർജി സമർപ്പിച്ചത്. മെഡിക്കൽ കോളജിന്റെ കടം വീട്ടാനായി 90 കോടിയുടെ ഭൂമി ഇടനിലക്കാർ വഴി വിറ്റത് സഭയ്ക്ക് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.
Read More: വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷൻ ആവശ്യമില്ല: ആരോഗ്യ മന്ത്രി