കൊച്ചി: സീറോ മലബാര്‍ സഭയിലും എറണാകുളം-അങ്കമാലി അതിരൂപതയിലും ശക്തി തെളിയിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്മാരെ മാറ്റി. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മനത്തോടത്തിനെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത ബിഷപ്പായി തുടരും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാത്രമായിരിക്കും എന്നും വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. സഹായ മെത്രാന്‍ സ്ഥാനത്തു നിന്ന് മാറ്റിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതലയെ കുറിച്ച് അടുത്ത സിനഡ് തീരുമാനിക്കും.

Read Also: വ്യാജരേഖ കേസ്: കർദ്ദിനാളിനെതിരായ സർക്കുലർ പള്ളികളിൽ വായിച്ചു

എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചു ബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും പഠിച്ച ശേഷമാണ് വത്തിക്കാന്‍ ഈ തീരുമാനങ്ങളെല്ലാം എടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.

സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി  സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിക്കാവുന്നതാണെന്നും വത്തിക്കാൻ പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളിലുൾപ്പെടെ സുസ്ഥിരവും സുഗമവുമായ ഭരണനിര്‍വഹണത്തിനാവശ്യമായ തീരുമാനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ എടുക്കുവാന്‍ ഓഗസ്റ്റിൽ ചേരുന്ന സീറോ മലബാര്‍ സിനഡ് ശ്രദ്ധിക്കേണ്ടതാണ്. അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സിനഡിലെ ചര്‍ച്ചകള്‍ക്ക് സഹായകമാകും. സഭയില്‍ കൂാട്ടയ്മയും പരസ്പര സഹകരണവും വളര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും വത്തിക്കാൻ ആവശ്യപ്പെടുന്നു.

സീറോ മലബാർ സഭയെ പിടിച്ചുകുലുക്കിയ ഭൂമി ഇടപാട് വിഷയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ രംഗത്തെത്തിയവരാണ് ഇപ്പോൾ ചുമതലയിൽ നിന്ന് നീക്കിയ സഹായ മെത്രാന്മാർ. ഭൂമി ഇടപാട് സംബന്ധിച്ച റിപ്പോർട്ട് മാർപാപ്പയുടെ പരിഗണനയിലാണ്. റിപ്പോർട്ടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകിയുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.