കൊച്ചി: സീറോ മലബാർ സഭയുടെ മുഖപത്രമായ സത്യദീപത്തിന്റെ എഡിറ്ററും മുൻ സഭാ വക്താവുമായ ഫാ.പോൾ തേലക്കാട്ടിനെതിരെ കേസെടുത്തു. സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപമാനിക്കാൻ വ്യാജ രേഖകൾ ചമച്ചതിനെതിരെ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സാന്റെ തോമസിലെ ഇന്റർനെറ്റ് മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോബി മാപ്രകാവിലിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കർദിനാൾ ജോർജ് ആലഞ്ചേരി സാമ്പത്തിക കുറ്റകൃത്യം ചെയ്തെന്ന് വരുത്തിതീർത്ത് സിനഡിന് മുന്നിൽ അപമാനിക്കാൻ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയെന്നാണ് പരാതി. ജനുവരി ഏഴിന് സീറോ മലബാർ സഭയുടെ മെത്രാൻ സിനഡിൽ കർദിനാൾ ജോർജ് ആലഞ്ചേരി വ്യവസായികൾക്ക് കോടികൾ മറിച്ചു നൽകിയതിന്റെ രേഖകളുമായാണ് ഫാ.പോൾ തേലക്കാട്ട് എത്തിയത്. രേഖകൾ സിനഡിന് മുന്നിൽ വച്ച ഫാ.പോൾ തേലക്കാട്ട് കർദിനാളിന്റെ രാജിയും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രേഖകൾ വ്യജമാണെന്ന് സഭ നടത്തിയ പരിശോധനയിൽ വ്യക്തമായെന്ന് പരാതിയിൽ പറയുന്നു. കർദിനാൾ ഈ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമിവിവാദം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ കേസ് തുടങ്ങിയവയിൽ സഭാ നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച വ്യക്തിയാണ് ഫാ.പോൾ തേലക്കാട്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കുകയും പരസ്യ പിന്തുണ നൽകുകയും ചെയ്തിരുന്നു.