scorecardresearch

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീയുടെ ആരോപണങ്ങൾ ഗുരുതരം, കത്ത് പുറത്ത്

മൂന്ന് വർഷത്തിനിടയിൽ 15 കന്യാസ്ത്രീകളാണ് സഭയിൽ നിന്നും പുറത്ത് പോയതെന്ന് കത്തിൽ ആരോപിക്കുന്നു

മൂന്ന് വർഷത്തിനിടയിൽ 15 കന്യാസ്ത്രീകളാണ് സഭയിൽ നിന്നും പുറത്ത് പോയതെന്ന് കത്തിൽ ആരോപിക്കുന്നു

author-image
WebDesk
New Update
nun's letter against jalandarbishop

കൊച്ചി: പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി വത്തിക്കാനും കേരളത്തിലെ സഭയും നിലപാട് സ്വീകരിക്കുമ്പോൾ കഴിഞ്ഞ വര്‍ഷം തന്നെ ബിഷപ്പിനെതിരേ സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതിക്കാരിയായ കന്യാസ്ത്രീ രേഖാ മൂലം പരാതി നല്‍കിയിരുന്നു. 2017 ജൂലൈ 11-ന് ആലഞ്ചേരിക്കയച്ച കത്തില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ അടിയന്തര നടപടിയാണ് ആവശ്യപ്പെടുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന് നാല് പേജാണ് ഉളളത്.

Advertisment

ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന നാല് പേജുള്ള കത്തിലുടനീളം ബിഷപ്പിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരിയായ കന്യാസ്ത്രീ ഉയര്‍ത്തുന്നത്. ബിഷപ്പ് സിംഫോറിയന്‍ കീപ്രത്തിന്റെ കാലത്ത് 1993-ല്‍ തുടങ്ങിയതാണ് 'മിഷനറീസ് ഓഫ് ജീസസ്' സന്യാസിനി സമൂഹം. 2013-ല്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമേറ്റതോടെ സന്യാസിനി സമൂഹത്തിന്റെയും സിസ്റ്റര്‍മാരുടെയും മോശം സമയത്തിന് തുടക്കമായെന്നു കത്തില്‍ ആരോപിക്കുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ 15 കന്യാസ്ത്രീകളാണ് സഭ വിട്ടു പോയതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

"താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാത്തവരെ തകര്‍ക്കുന്ന സമീപനമാണ് ബിഷപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ബിഷപിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും. എന്നാല്‍ ആരെങ്കിലും എതിര്‍ത്താല്‍ അവരെ സ്ഥലം മാറ്റം പോലുള്ള ശിക്ഷാ നടപടികളിലൂടെ തകര്‍ക്കുകയും ചെയ്യും", കത്തില്‍ പറയുന്നു.

"ഫ്രാങ്കോ മുളയ്ക്കല്‍ വിദ്വേഷം ഉളവാക്കുന്ന തരത്തിലുള്ള വാക്കുകള്‍ നേരിട്ടും മോശമായ വാക്കുകളും ലൈംഗിക സൂചനകളും നിറഞ്ഞ സന്ദേശങ്ങളും കന്യാസ്ത്രീകള്‍ക്കെല്ലാം അയക്കാറുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങളില്‍ ചിലത് എന്റെ കൈവശമുണ്ട്. വായിക്കുമ്പോള്‍ വലിയ അപകടമുള്ളവയല്ലായെന്ന് തോന്നുമെങ്കിലും ഈ സന്ദേശങ്ങളിലുടനീളം ഒളിഞ്ഞിരിക്കുന്ന ലക്ഷ്യങ്ങള്‍ വ്യക്തമാണ്. അതൊരിക്കലും നല്ല കാര്യങ്ങള്‍ അറിയിക്കാനുള്ള സന്ദേശങ്ങളല്ല", കത്തില്‍ പറയുന്നു.

Advertisment

ബിഷപ്പിന്റെ പല രീതികളും വാക്കുകളില്‍ വിവരിക്കാനാവില്ലെങ്കിലും റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങള്‍ പരാതിക്കൊപ്പം കര്‍ദിനാളിന് സമര്‍പ്പിക്കുകയാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

"ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളുടെ പേരില്‍ ഞാന്‍ കഴിഞ്ഞ വര്‍ഷം സഭ വിട്ടു പോകുന്നതിനെക്കുറിച്ചു ചിന്തിച്ചിരുന്നു. ബിഷപ്പില്‍ നിന്നു നേരിട്ടും ഫോണ്‍ കോളുകളുടെയും മെസേജുകളുടെയും രൂപത്തിലായിരുന്നു ഇത്തരം പീഡനങ്ങള്‍. ഈ വിവരം ഞാന്‍ മറ്റു വൈദികരും കന്യാസ്ത്രീകളുമായും പങ്കുവച്ചപ്പോള്‍ സഭാ നേതൃത്വത്തെ അറിയിക്കാനാണ് അവര്‍ നല്‍കിയ ഉപദേശം. എല്ലാ കാര്യങ്ങളം എനിക്കു കത്തില്‍ വിശദമായി എഴുതാന്‍ കഴിയാത്തതിനാല്‍ ഞാന്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പറയാന്‍ എനിക്ക് ആര്‍ച്ച് ബിഷപ്പിനെ കാണേണ്ടതുണ്ട്", കത്തില്‍ അവര്‍ ആവശ്യപ്പെട്ടു.

കുറവിലങ്ങാടുള്ള മഠം സ്ഥിതി ചെയ്യുന്ന പ്രദേശം പാലാ രൂപതയ്ക്ക് കീഴിലായതിനാല്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട് പരാതി പറഞ്ഞെന്നും അപ്പോള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനു പരാതി നല്‍കാനാണ് നിർദ്ദേശിച്ചതെന്നും കന്യാസ്ത്രീയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കന്യാസ്ത്രീ തനിക്ക് ഈ​ വിഷയത്തിൽ​ കത്ത് നൽകിയിട്ടില്ലെന്നായിരുന്നു കർദിനാർ ആലഞ്ചേരിയുടെ നിലപാട്. എന്നാൽ അദ്ദേഹത്തിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഈ​ കത്തെന്ന് കന്യാസ്ത്രീയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഭൂമിവിൽപ്പന വിവാദത്തിൽ പെട്ടുഴലുന്ന കർദിനാൾ മാർ ആലഞ്ചേരിക്ക് ഈ​ വിവാദം കൂടുതൽ തലവേദനയായി മാറുമെന്നാണ് സഭയുടെ ഉളളിൽ നിന്നുളള വിലയിരുത്തൽ.

Syro Malabar Church Sexual Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: