കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മെത്രാന്മാരുടെ സിനഡുസമ്മേളനം ചര്‍ച്ച ചെയ്യുമെന്നും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിക്കുമെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു അടുത്തകാലത്തു നടന്ന സംഭവങ്ങള്‍ തികച്ചും വേദനാജനകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി സഭമുഴുവനും ആഗ്രഹിക്കുന്നതായും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
മെത്രാന്‍സിനഡ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ചിരിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളും സമരപ്രഖ്യാപനങ്ങളും ശ്രദ്ധയില്‍പ്പെട്ടു. സിനഡ് സമ്മേളിക്കുന്ന സാഹചര്യത്തില്‍ എല്ലാവിധ പ്രതിഷേധ പ്രകടനങ്ങളില്‍നിന്നും അതിരൂപതാംഗങ്ങളുള്‍പ്പെടെ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ രൂക്ഷമായിരിക്കുന്ന സമയത്താണ് സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് ചേരുന്നത്. പളളിയിലെ സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് നിയമിച്ച കമ്മീഷന്റെ അന്വേഷണ പുരോഗതിയും വിലയിരുത്തും. വിഷയത്തില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും ചര്‍ച്ചകള്‍ നടക്കും. ഈ മാസം 14നാണ് സിനഡ് സമാപിക്കുക. അതിനിടെ ആന്‍ഡ്രൂസ് താഴത്ത് നിയമിച്ച അന്വേഷണ കമ്മീഷനോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിമത വിഭാഗം സിനഡ് ചേരുന്ന സഭാ ആസ്ഥാനത്തേക്ക് ഞായറാഴ്ച അതിരൂപത സംരക്ഷണ റാലി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.