/indian-express-malayalam/media/media_files/uploads/2017/01/lakshmi-nair.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയുടെ മേൽ വിദ്യാർഥികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ എല്ലാം ശരിയാണെന്ന് ഉപസമിതി റിപ്പോർട്ട്. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്‌റ്റലിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്, ഇന്റേണൽ മാർക്കിലെ ക്രമക്കേട്, ഭാവി മരുമകളും കോളജിലെ വിദ്യാർഥിയുമായ അനുരാധ പി.നായർക്ക് ഇന്റേണൽ മാർക്ക് കൂടുതൽ നൽകി എന്നിവയടക്കം നിരവധി നിയമലംഘനങ്ങൾ നടന്നതായി സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ടിൽ പറയുന്നു. പ്രിൻസിപ്പാൾ ഡോ.ലക്ഷ്‌മി നായർ വിദ്യാർഥികളോട് മോശമായി പെരുമാറുന്നുവെന്ന ആരോപണവും സത്യമാണെന്ന് കേരള സർവ്വകലാശാല നിയമിച്ച സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ലോ അക്കാദമി മാനേജ്‌നെന്റിനും പ്രിൻസിപ്പലിനുമെതിരെ സമരം നടത്തുന്ന വിദ്യാർഥികൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു.
സമിതി തയാറാക്കിയ റിപ്പോർട്ടിലെ മറ്റ് പ്രധാന കണ്ടെത്തലുകൾ:
ഹോസ്‌റ്റലിൽ താമസിക്കുന്ന പെൺകുട്ടികളുടെ സ്വകാര്യത ഹനിക്കുന്ന വിധത്തിൽ രണ്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഡോ.ലക്ഷ്‌മി നായരുടെ മകൻ വിവാഹം ചെയ്യാനിരിക്കുന്ന കോളജിലെ തന്നെ വിദ്യാർഥിയായ അനുരാധ പി.നായർക്ക് 50% ഹാജർ പോലുമില്ലാതിരുന്നിട്ടും ഇന്റേണൽ മാർക്ക് 20ൽ 19 വീതം നൽകുകയും പരീക്ഷ എഴുതിക്കുകയും ചെയ്‌തു.
അസുഖമുളള വിദ്യാർഥികളെ ഹോസ്‌റ്റലിൽ നിന്നും പുറത്താക്കുകയോ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്‌തു
മോശം ഭാഷയുപയോഗിച്ച് വിദ്യാർഥികളോട് സംസാരിക്കുകയും ജാതിയും നിറവും രൂപഭംഗിയും വച്ച് വിദ്യാർഥികലെ ആക്ഷേപിക്കുകയും പതിവാണ്.
വിദ്യാർഥികളുടെ ഹാജർ നില തയ്യാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിരുന്നില്ല.
അസൈൻമെന്റുകളുടെ മാർക്ക് വിദ്യാർഥികളെ പ്രദർശിപ്പിച്ചിരുന്നില്ല.
ടെസ്‌റ്റ് പേപ്പറുകൾ നടത്തിയ ശേഷം ഉത്തര കടലാസ് കൃത്യമായി നൽകുകയോ മാർക്ക് അവരെ അറിയിക്കുകയോ ചെയ്‌തിരുന്നില്ല.
ഇന്റേണൽ മാർക്കിന്റെ വിശദാംശങ്ങൾ വിദ്യാർഥികൾക്ക് വെളിപ്പെടുത്തിയിരുന്നില്ല.
സ്കോർ ഷീറ്റിൽ വിദ്യാർഥികളെക്കൊണ്ട് ഒപ്പ് വപ്പിച്ചതിന് ശേഷം മാത്രമാണ് മാർക്കുകൾ ചേർത്തിരുന്നത്.
പ്രിൻസിപ്പാൾ തന്റെ ഇഷ്‌ടത്തിനനുസരിച്ച് വിദ്യാർഥികളുടെ മാർക്കിൽ ഗുരുതര ക്രമക്കേട് നടത്തി.
കോളജിലെ വിദ്യാർഥികൾ സർവ്വകലാശാല നിയമങ്ങളെക്കുറിച്ച് അജ്ഞരും അവർക്കുളള അവകാശങ്ങളെക്കുറിച്ചും അറിവുളളവരല്ല.
കഴിഞ്ഞ മൂന്ന് വർഷത്തെ ഹാജർ രേഖകൾ ഉപസമിതിക്ക് നൽകിയില്ല.
കോളജ് ഭരണത്തിൽ ഗുരുതര വീഴ്‌ചകൾ ഉണ്ടായിട്ടുണ്ട്.
ഉപസമിതിയുടെ അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട രേഖകൾ പോലും പ്രിൻസിപ്പാൾ ഹാജരാക്കിയിരുന്നില്ല. പ്രിൻസിപ്പലിന്റെ കെടുകാര്യസ്ഥതയാണ് അക്കാദമിയെ ഈ അവസ്ഥയിലെത്തിച്ചതും വിദ്യാർഥി പ്രക്ഷോഭത്തിന് വഴിവച്ചതും എന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ലോ അക്കാദമിയിലെ 90 വിദ്യാർഥികളോടും അഞ്ച് വിദ്യാർഥി പ്രസ്ഥാനങ്ങളുടെ നേതാക്കളോടും 10 മാതാപിതാക്കളോടും സംസാരിച്ച ശേഷമാണ് ഉപസമിതി റിപ്പോർട്ട് തയാറാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.