കൊച്ചി: ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന വൈദികര്‍ക്കും സന്ന്യാസിമാര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സീറോ മലബാര്‍ സഭ. പൊതുസമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സഭാ സിനഡിന്റെ തീരുമാനമെന്ന് സഭ പുറത്ത് വിട്ട അറിയിപ്പില്‍ പറയുന്നു.

സിറോ മലബാര്‍ സഭയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മുന്നറിയിപ്പുമായി സിനഡ് രംഗത്തെത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ സഭ നിലപാട് വ്യക്തമാക്കുന്നത്.

അരാജകത്വത്തിന്റെ അരൂപി സഭയില്‍ വളരാതിരിക്കാന്‍ പരിശ്രമിക്കണം. സമീപകാലത്ത് ചില വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചതായി സിനഡ് വിലയിരുത്തി. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായി മാറിയെന്നും സിനഡ് പറയുന്നു. ഈ സാഹചര്യത്തിലാണ് സിനഡ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സഭയില്‍ അച്ചടക്ക ലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അത് തൃപ്തികരമല്ലെങ്കില്‍ ശിക്ഷാനടപടി സ്വീകരണമെന്നും സിനഡ് നിര്‍ദ്ദേശിക്കുന്നു. അച്ചടക്ക ലംഘനത്തിനെതിരായ നടപടികളെ സഭാ വിരുദ്ധ ഗ്രൂപ്പുകളുടേയും മാധ്യമങ്ങളുടേയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള സമീപകാല പ്രവണത അംഗീകരിക്കാനാവില്ലെന്നും സിനഡ് പറഞ്ഞു.

സഭയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുനും സിനഡ് തീരുമാനിച്ചിട്ടുണ്ട്. സഭ നിയോഗിക്കുന്ന ഔദ്യോഗിക വക്താക്കള്‍ വഴിയേ വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ. ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും സന്യസ്തരും വൈദികരും പങ്കെടുക്കുന്നത് രൂപതാധ്യക്ഷന്റെ മേജര്‍ സുപ്പീരിയറുടെ അനുമതിയോടെ മാത്രമായിരിക്കണമെന്നും സിനഡ് അറിയിച്ചു. മാധ്യമ സംബന്ധമായ കാര്യങ്ങള്‍ ഏകീകരിച്ച് നടപ്പിലാക്കാന്‍ സിനഡ് ഒരു മീഡിയ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

പൊതു സമരങ്ങള്‍ക്ക് പോകുന്ന വൈദികരും സന്യസ്തരും കാനോനിക നിയമങ്ങള്‍ പാലിക്കണം. ഇതില്‍ വീഴ്ച്ച വരുത്തുന്നത് അച്ചടക്ക ലംഘനമായി പരിഗണിക്കും. വൈദികരായോ സന്യസ്തരായോ തുടരുന്ന കാലത്തോളം അവര്‍ സഭയുടെ അച്ചടക്കവും കാനോനിക നിയമങ്ങളും പാലിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു. സഭയിലെ ഏതെങ്കിലും ആശയത്തിന്റേയോ വ്യക്തിയുടേയോ പേരിലോ വിഭാഗിത ഉണ്ടാക്കിയാലും ചേരിതിരിഞ്ഞ് ആരോപണം ഉന്നയിച്ചാലും അത് മിശിഹായുടെ ശരീരമായ സഭയെ മുറിപ്പെടുത്തുന്നതാണെന്നും ഇത് അച്ചടക്ക ലംഘനമായി കണ്ട് നടപടി സ്വീകരിക്കുമെന്നും സിനഡ് അറിയിച്ചു.

സിറോ മലബാര്‍ സഭയുടെ 27ാമത് സിനഡ് കൊച്ചിയില്‍ സമാപിച്ചു. സിനഡ് തീരുമാനങ്ങള്‍ വിശദീകരിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പള്ളികളില്‍ വായിക്കുന്നതിനായി കുറിപ്പ് പുറത്തിറക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.