കൊച്ചി: അനുകൂല വിധി സമ്പാദിക്കാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സൈബി ജോസ് ഹൈക്കോടതിയില്‍. തനിക്കെതിരെ കേസെടുക്കാന്‍ അന്വേഷണത്തില്‍ പ്രാഥമിക തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ലെന്നും കേസെടുക്കാന്‍ കരണമില്ലെന്നും സൈബി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസ് തിങ്കളാഴ്ച പരിഗണിക്കും.
ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ചില അഭിഭാഷകരാണെന്നുമാണ് സൈബിയുടെ വാദം. അഭിഭാഷക അസോസിയേഷന്‍ തിരഞ്ഞെടുപ്പ് മുതല്‍ തനിക്കെതിരെ നീക്കമുണ്ട്. നാലു അഭിഭാഷകരാണ ഇതിനു പിന്നില്‍. രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതിന് പിന്നിലും ഇവരാണ്. അഭിഭാഷക ജീവിതത്തില്‍ തന്റെ ഭാവി തകര്‍ക്കാനാണ് ശ്രമം. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകളൊന്നും കിട്ടിയിട്ടില്ല. കേസ് എടുക്കാന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളില്ല. അഴിമതി നിരോധനനിയമം ചുമത്താന്‍മാത്രം തെളിവില്ലെന്നും സൈബി ബോധിപ്പിച്ചു.
പൊലീസ് മേധാവി അനില്‍ കാന്തിനെ എതിര്‍കക്ഷിയാക്കിയാണ് സൈബിയുടെ ഹര്‍ജി. സൈബിക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം ഡിജിപി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റായ സൈബിക്കെതിരെ കേസ് എടുത്തത്. അഴിമതി നിരോധന നിയമം, വഞ്ചനാക്കുറ്റം എന്നിവ പ്രകാരമാണ് കേസ്.
കോഴ വാങ്ങിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാറാണ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ സൈബിക്കെതിരെ തെളിവുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സൈബി അന്വേഷണത്തില്‍ സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി കെഎസ് സുദര്‍ശന്റെ നേതൃത്വത്തിലുളള സംഘമാണ് സൈബിക്കെതിരായ കേസ് അന്വേഷിക്കുന്നത്.