തിരുവനന്തപുരം: ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള സ്വാതി പുരസ്കാരം സംഗീതജ്ഞൻ ടി.എം.കൃഷ്‌ണയ്‌ക്ക്. കർണാടക സംഗീതത്തിലൂടെ ശ്രദ്ധേയനായ ടി.എം.കൃഷ്‌ണ എഴുത്തുകാരനും ആക്ടിവിസ്റ്റും കൂടിയാണ്.
രണ്ടു വർഷങ്ങളിലെ പുരസ്കാരമാണ് സർക്കാർ പ്രഖ്യാപിച്ചത്. 2018 ൽ പാലാ സി.കെ.രാമചന്ദ്രനും 2019 ൽ ടി.എം.കൃഷ്ണയും പുരസ്കാരത്തിന് അർഹരായി. സംഗീത രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് സ്വാതി പുരസ്‌കാരം. 2 ലക്ഷം രൂപയാണ് പുരസ്കാരമായി ലഭിക്കുക.
സ്വാതി പുരസ്കാരത്തിനുപുറമേ നാടകരംഗത്തെ സമഗ്ര സംഭാവയ്ക്കുളള എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. കെ.എം.ധർമനും വി.വിക്രമൻ നായർക്കുമാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാരമായി ലഭിക്കുക. ഈ മാസം 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു.