കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവങ്കറിന്റെ ജാമ്യാപേക്ഷ ഈ മാസം 17ലേക്ക് വിധി പറയാൻ മാറ്റി. ഈ മാസം 26 വരെ ശിവശങ്കർ റിമാൻഡിൽ കഴിയണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷൻ പദ്ധതിയിൽ എം ശിവശങ്കറിന് ലഭിച്ച കോഴയെന്ന് ഇ ഡി കോടതിയിൽ പറഞ്ഞു. ലോക്കറിൽ കണ്ടെത്തിയ പണം സംബന്ധിച്ച ഇ.ഡിയുടെ വാദത്തിൽ വൈരുദ്ധ്യമില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയാണ് ഇ.ഡി ഇക്കാര്യം പറഞ്ഞത് . ആദ്യഘട്ടത്തിൽ ലോക്കറിലെ പണം സ്വർണക്കടത്തിൽ നിന്ന് സ്വപ്ന സമ്പാദിച്ചതാണ് എന്ന് ഇ.ഡി പറഞ്ഞിരിന്നു. ശിവശങ്കറിനെ രക്ഷപെടുത്താൻ സ്വപ്ന തെറ്റിദ്ധരിപിച്ചതാണെന്ന് ഇ.ഡി വ്യക്തമാക്കി

ശിവശങ്കറിന് സ്വർണ കടത്തിനെക്കുറിച്ച് അറിവുണ്ടന്ന സ്വപ്നയുടെ മൊഴി അവഗണിക്കാനാവില്ലെന്ന് കോടതി. സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനിൽ ശിവശങ്കറിൻ്റെ കോഴയാണ് എന്ന ഇ.ഡിയുടെ കണ്ടെത്തൽ അവരുടെ കേസിന് തന്നെ എതിരാണെന്നും കോടതി നിരീക്ഷിച്ചു. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല. മറ്റ് പദ്ധതികളിൽ നിന്ന് കോഴ ലഭിച്ചു എന്ന കണ്ടെത്തൽ ഈ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

ഇത് കള്ളപ്പണം വെളുപ്പിക്കൽ കേസ് മാത്രമാണെന്നും വേറെ കോഴയുണ്ടെകിൽ അതുമായി ബന്ധപ്പെടുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈഫ് മിഷനിലെ കമ്മിഷനാണ് ലോക്കറിൽ ഉണ്ടായിരുന്നു എന്നത് ഇഡിയുടെ കേസിനെ ദുർബലമാക്കുന്നുണ്ടന്നും കോടതി അഭിപ്രായപ്പെട്ടു.

Read More: ‘സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു’; സ്വപ്‌നയുടെ മൊഴി കുരുക്കാകുന്നു

അറിഞ്ഞു കൊണ്ട് കള്ളക്കടത്തിലെ പണം ഒളിപ്പിക്കാൻ കൂട്ടുനിൽക്കുന്നത് കുറ്റകരമല്ലെയെന്ന് കോടതി ശിവശങ്കറിനോട് ആരാഞ്ഞു. ശിവശങ്കർ അങ്ങനെ ചെയ്തുവെന്നാണ് സ്വപ്നയുടെ മൊഴിയെന്നും കോടതി വ്യക്തമാക്കി. കള്ളക്കടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കർ സഹായിച്ചതെന്നാണ് ഇഡിയുടെ റിപ്പോർട്ടിലൂടെ മനസിലാകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

ലോക്കർ ഇടപാടിന് ഒരു വർഷത്തിന് ശേഷമാണ് സ്വർണക്കടത്ത് നടന്നതെന്നും ഇവ തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാനാകുമെന്ന് ശിവശങ്കറിൻ്റെ അഭിഭാഷകൻ ചോദിച്ചു. കള്ളക്കടത്ത് ഗൂഡാലോചന തുടങ്ങുന്നത് 20l9 ജൂണിലാണ് എന്നാൽ ലോക്കർ തുറന്നത് 2018 ഓഗസ്റ്റിലും. കള്ളക്കടത്തും ലോക്കർ ഇടപാടും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാൻ കഴിയുമെന്നും ശിവശങ്കർ ചോദിച്ചു.

സ്വപ്നയുടെ നിർദേശപ്രകാരം ശിവശങ്കർ എവിടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പറയുന്നു. അവരുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണ്.

കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എൻ ഐ യുടെ അന്വേഷണവും ഇഡിയുടെ അന്വേഷണവും തമ്മിൽ വൈരുദ്ധ്യമുണ്ട്. മൂന്ന് ഏജൻസികളുടേയും അന്വേഷണം മൂന്ന് വഴിക്കാണ്. കടുത്ത മാനസിക സമർദ്ദം മൂലമാകാം സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നൽകിയിരിക്കുന്നത്. നാല് മാസമായി സ്വപ്ന അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ്. സ്വപ്നയുടെ നിർദേശപ്രകാരം ശിവശങ്കർ വിളിച്ചത് ഫുഡ് ആൻഡ് സേഫ്ടി കമ്മീഷണറെയാണ്. കൊച്ചി വിമാനത്താവളത്തിൽ ഭക്ഷണ ബാഗേജ് തടഞ്ഞുവച്ചപ്പോഴായിരുന്നു അത്. സ്വർണ്ണക്കടത്ത് നടന്നത് തിരുവനന്തപുരം വിമാനത്താവളത്തിലാണ്. ഇഡി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.

സ്വപ്ന സമ്മർദത്തിലാണ് മൊഴി നൽകിയതെന്ന ശിവശങ്കറുടെ അഭിഭാഷകന്റെ വാദത്തോട് കോടതി യോജിച്ചില്ല. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് മൊഴിയെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടുവെന്നായിരുന്നു ഇഡിയുടെ വാദം. സ്വപ്‌നയുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്‌നയ്‌ക്ക് ബാങ്ക് ലോക്കർ എടുത്തുകൊടുക്കാൻ ശിവശങ്കർ സഹായിച്ചു. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകൾ സ്വപ്‌ന ഇന്നലെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നും ഇ.ഡി. കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. സ്വപ്‌ന സുരേഷിന് സ്‌മാർട്ട് സിറ്റി, കെഫോൺ, ലെെഫ് പദ്ധതികളുമായി ബന്ധമുണ്ട്. ശിവശങ്കർ രഹസ്യവിവരങ്ങൾ പങ്കിട്ടതിനു സ്വപ്‌നയുടെ വാട്‌സാപ്പ് രേഖകൾ തെളിവുണ്ട്. സന്തോഷ് ഈപ്പനുമായും ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ലൈഫ് മിഷൻ, കെ ഫോണ്‍ കരാറുകളില്‍ യൂണിടാകിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെന്നും ഇ.ഡി കോടതിയിൽ ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.