കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് സ്വപ്ന നല്‍കിയ 164 മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്നാണ് കോടതിയെ സമീപിച്ചത്.
രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈം ബ്രാഞ്ചിന് നല്‍കരുതെന്നും അത് എന്തിനാണെന്നും സ്വപ്നയുടെ അഭിഭാഷന്‍ കൃഷ്ണരാജ് കോടതിയില്‍ വാദിച്ചു. മൊഴിയുടെ പകര്‍പ്പ് ലഭിച്ചിട്ട് എന്താണ് ആവശ്യമെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു.
എൻഫോഴ്സ്‌മെന്റ് റജിസ്റ്റര്‍ ചെയ്ത കേസിലാണു സ്വപ്ന രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ ഡിയാണ്. സ്വപ്ന സുരേഷ് നൽകിയിട്ടുള്ള മൊഴിപ്പകർപ്പ് മൂന്നാമതൊരു ഏജൻസിക്കു നൽകാൻ പാടില്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു.
Also Read: മാധവ വാര്യരുമായി സൗഹൃദം മാത്രം; ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കിയതില്‍ പങ്കില്ല: കെ ടി ജലീല്‍
സ്വപ്നയ്ക്കെതിരെ ചുമിത്തിയിട്ടുള്ള ഗൂഢാലോചനക്കേസിന്റെ അന്വേഷണത്തിന് മൊഴിയുടെ പകര്‍പ്പാവശ്യമാണെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ വാദം. ഗൂഢാലോചന സംബന്ധിച്ചുള്ള തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അപേക്ഷയ്ക്കു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. രഹസ്യമൊഴി എങ്ങനെയെങ്കിലും വാങ്ങിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും ഇ ഡി അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, സ്വപ്നയുടെ മൊഴി പുറത്ത് പോയത് സംബന്ധിച്ചും അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. മൊഴി പുറത്തു പോയതില്‍ സ്വപ്നയുടെ അഭിഭാഷകനെ സംശയിക്കേണ്ടി വരുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പക്ഷം.
Also Read: സ്വപ്നയുടെ ആരോപണങ്ങളെല്ലാം തീർത്തും അസംബന്ധം: പി. ശ്രീരാമകൃഷ്ണൻ