പാലക്കാട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ പി എസ് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിലെടുത്തതിനെതിരെ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്. എം ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോയെന്നും ഇതൊരു ‘ഡേര്‍ട്ടി ഗെയിം’ ആണെന്നും സ്വപ്ന പറഞ്ഞു.
”സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സാണെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടത് ശിവശങ്കറിനെയാണ്. കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ എം ശിവശങ്കറാണ്. അതു കഴിഞ്ഞാലുള്ള പ്രധാനപ്രതി ഞാനാണ്. ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ? സരിത്ത് താഴേത്തട്ടിലെ പ്രതിയാണ്. ഒരു നോട്ടീസ് പോലുമില്ലാതെ സരിത്തിനെ ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്നത് എന്തിനാണ്? അതും എന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ത്തന്നെ. എനിക്കു ഭയമില്ല, വീട്ടിലുള്ളവരെയും സഹായിക്കുന്നവരെയും തട്ടിക്കൊണ്ടുപോകുന്നതിന് പകരം എന്നെ കൊല്ലൂ,” സ്വപ്ന പറഞ്ഞു. തനിക്കും കൂടെയുള്ളവര്‍ക്കും മുഖ്യമന്ത്രി സംരക്ഷണം ഉറപ്പുവരുത്തണമെന്നും സ്വപ്ന ആേവശ്യപ്പെട്ടു.
ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്ന സുരേഷ് രാവിലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സരിത്തിനെ വിജിലൻസ് സംഘം ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയത്.
”മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ല. ആരാണ് മുഖ്യമന്ത്രി എന്നത് എന്റെ വിഷയമല്ല. ഞാൻ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. രഹസ്യമൊഴിയായതിനാല്‍ കൂടുല്‍ വെളിപ്പെടുത്താനാവില്ല. ഇപ്പോള്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്,” സ്വപ്ന രാവിലെ പറഞ്ഞു.
പി.സി.ജോര്‍ജുമായി വ്യക്തിപരമായ ബന്ധമില്ല. പി.സി.ജോർജ് എന്നെ വിളിക്കാൻ ശ്രമിച്ചുവെന്നത് സത്യമാണ്. എന്നാൽ ഞാൻ പ്രതികരിച്ചിട്ടില്ല. സ്വപ്നയെ പി.സി.ജോർജ് പല തവണ വിളിച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന. പി.സി.ജോർജ് എന്തൊക്കെയോ സ്വപ്ന എഴുതിക്കൊടുത്തിട്ടുണ്ടെന്നാണല്ലോ പറയുന്നത് എന്ന ചോദ്യത്തിന് ”അങ്ങനെയെങ്കിൽ ആ രേഖ അദ്ദേഹം പുറത്തുവിടട്ടെ” എന്നായിരുന്നു സ്വപ്നയുടെ മറുപടി.
സരിതയെ ജയിലില്‍ വച്ചാണ് കണ്ടത്. ഞങ്ങൾ ഒരേ ജയിലിൽ ഒരേ സമയത്തുണ്ടായിരുന്നു. അതേ അട്ടക്കുളങ്ങര ജയിലിൽ അവരും ആ സമയത്ത് ശിക്ഷ അനുഭവിക്കുകയായിരുന്നു. അവരോട് ഹലോ പോലും പറഞ്ഞിട്ടില്ലെന്നും സരിത വ്യക്തമാക്കി.
എനിക്ക് ഇപ്പോഴും ജീവന് ഭീഷണിയുണ്ട്, ജോലി ചെയ്യുന്ന സ്ഥാപനത്തിനു പോലും ഭീഷണിയാണ്. ഞാൻ പാവയായിരുന്നു. പലരും പല ആവശ്യങ്ങൾക്കായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. ഇനി എന്നെ ജീവിക്കാന്‍ അനുവദിക്കണം, ജോലി ചെയ്ത് ജീവിക്കാന്‍ വിടണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. എന്റെ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെ കുറിച്ചും അവര്‍ക്ക് കേസില്‍ എന്തായിരുന്നു റോള്‍ എന്നതിനെ കുറിച്ചുമെല്ലാം മൊഴിനല്‍കിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
സ്വപ്ന എഴുതിയതെന്നു പറയുന്ന കത്ത് പുറത്തുവിട്ട് പി സി ജോര്‍ജ്
സ്വപ്ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്ന് കണ്ടിട്ടുണ്ടെന്നും പി സി ജോര്‍ജ്. സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് സ്വപ്ന എഴുതിയതെന്ന് അവകാശപ്പെടുന്ന കത്ത് അദ്ദേഹം പുറത്തുവിട്ടു.
ഗസ്റ്റ് ഹൗസില്‍ വച്ചാണ് ഈ കത്ത് സ്വപ്ന തനിക്കു നല്‍കിയതെന്നും ഇതില്‍ എം ശിവങ്കറിനെതിരെ ആരോപണങ്ങളുണ്ടെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ സ്വപ്നയ്ക്കും പി എസ് സരിത്തിനും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. കേസില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണ്.
സോളാര്‍ കേസ് പ്രതി സരിതയുമായി താന്‍ ഫോണില്‍ സംസാരിച്ചതില്‍ എന്താണ് പ്രത്യേകതയെന്നു ജോര്‍ജ് ചോദിച്ചു. സരിതയുമായി എത്രകൊല്ലമായി സംസാരിക്കുന്നു. ‘ചക്കരപ്പെണ്ണേ’ എന്നാണ് സരിതയെ പണ്ടേ വിളിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.
Read More: ‘ദുബായില്‍ എത്തിച്ച ബാഗിൽ കറന്‍സി’; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്