കൊച്ചി: യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ. സ്വർണക്കടത്ത്/ഡോളർ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സത്യവാങ്മൂലത്തിൽ അറിയിച്ചത്.

Read More: ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകും,കേരളം ബാലികേറാമലയല്ല: കെ.സുരേന്ദ്രൻ

കോണ്‍സല്‍ ജനറലുമായി നേരിട്ടുള്ള സാമ്പത്തിക ഇടപാട് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഉണ്ടായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 9.50 ഓടെയാണ് കസ്റ്റംസ് സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.

2020 നവംബർ 30ന് കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വപ്ന നൽകിയ മൊഴിയിൽ ഇടപാടുകളിൽ വമ്പൻ സ്രാവുകൾക്ക് പങ്കുണ്ടെന്നും സ്വപ്നക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. സ്വപ്നക്ക് മതിയായ സുരക്ഷ ജയിലിൽ ഉണ്ടെന്നും ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് ജയിൽ ഡിജിപി സമർപ്പിച്ച ഹർജിയിലാണ് കസ്റ്റംസ് കമ്മീഷണറുടെ വിശദീകരണം.

യുഎഇ കോൺസുലേറ്റ് ജനറൽ മുഹമ്മദ് അൽസാബിയുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇടപാടുകളെക്കുറിച്ച് തനിക്കറിയാമെന്നുമാണ് സ്വപ്ന കോടതിയിൽ പറഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രിയുമായും സ്പീക്കറുമായും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായും മറ്റൊരു പേഴ്സണൽ സ്റ്റാഫംഗവുമായും സ്വപ്നക്ക് അടുത്ത ബന്ധമുണ്ട്. ഡോളർ കടത്ത് മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും നിർദേശ പ്രകാരം കോൺസുലേറ്റിന്റെ സഹായത്തോടെയാണ് നടന്നതെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂന്നു മന്ത്രിമാരുടേയും സ്പീക്കറുടേയും നിയമവിരുദ്ധമായ പ്രവർത്തനത്തനങ്ങളെെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. വിവിധ ഇടപാടുകളിൽ ഉന്നതരുടെ പങ്കിനെയും കോഴ കൈമാറ്റത്തെക്കുറിച്ചും സ്വപ്നക്കറിയാം.

എല്ലാ ഇടപാടുകൾക്കും താൻ സാക്ഷിയായിരുന്നെന്നും അറബി ഭാഷ നന്നായി കൈകാര്യം ചെയ്യുമെന്നതിനാൽ ഉന്നതർക്കും കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും ഇടയിൽ ദ്വിഭാഷിയാവാൻ നിർബന്ധിക്കപ്പെട്ടുവെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാരിലെയും കോൺസുലേറ്റിലേയും ഉന്നതർക്കിടയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കണ്ണിയായി പ്രവർത്തിച്ചെന്നും സ്വപ്ന വെളിപ്പെടുത്തിയതായും കമ്മീഷണർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.