പാലക്കാട്: കെ. ടി. ജലീലിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത് ഭയം കൊണ്ടാണെന്നും ഒളിച്ചോടാനല്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ഷാജ് കിരണിന്റെ ആരോപണങ്ങളെക്കുറിച്ചും സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വപ്ന വിശദീകരിച്ചു.
“സത്യം പുറത്തു വരില്ല എന്ന ഭയം കൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം തടയാനോ, ഒളിച്ചോടാനോ അല്ല ശ്രമം. അന്വേഷണസംഘത്തോട് ചേര്‍ന്ന് നിന്ന് നൂറ് ശതമാനം സഹകരിക്കും. പൊലീസിന്റെ ഭാഗത്ത് നിന്ന് മാനസികപീഡനം ഉണ്ടാകാതിരിക്കാനുള്ളതും സുരക്ഷയ്ക്കായുമുള്ള നടപടികള്‍ സ്വീകരിക്കും,” സ്വപ്ന പറഞ്ഞു.
“ഷാജ് കിരണ്‍ നല്ലൊരു സുഹൃത്തായിരുന്നു. അദ്ദേഹത്തെ ഞാന്‍ ഒരുപാട് വിശ്വസിച്ചു. ഇന്ന് രാവിലെ വരെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വിളിച്ചതുകൊണ്ട് മാത്രമാണ് ഷാജ് കിരണ്‍ ഓഫീസിലെത്തിയതെന്നത് ശരിയാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി സംസാരിച്ചതിന് ശേഷം കാണണമെന്ന് പറഞ്ഞിരുന്നു. വലിയ റിസ്കുണ്ടായിരുന്നിട്ടും ഞാനും കൂടെയുണ്ടായിരുന്ന അനീഷും സരിത്തും എല്ലാവരും കൂടി പോയി കണ്ടിരുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.
“എടോ സരിത്തേ ഇയാളെ നാളെ പൊക്കും, ഷാജ് കിരണ്‍ സരിത്തിനോട് പറഞ്ഞു. അതൊരു സൂചനയായിരുന്നു. അത് കഴിഞ്ഞ് പാലക്കാടെത്തി. പിന്നീടെ വീട്ടിലെത്തിയതിന് ശേഷം ഞാന്‍ ടിവിയില്‍ കാണുന്നത് പി. സി. ജോര്‍ജും സരിതയുടെ തമ്മിലുള്ള സംഭാഷണമാണ്. സ്വപ്നയോടൊപ്പം എപ്പോഴും സരിത്താണെന്ന് സരിത പറയുന്നു. പിന്നീട് ഷാജ് കിരണ്‍ പറഞ്ഞതുപോലെ അഞ്ച് ടീം വരുന്നു സരിത്തിനെ തട്ടിക്കൊണ്ട് പോകുന്നു,” സ്വപ്ന വ്യക്തമാക്കി.
“ഷാജ് കിരണിനെ ഞാന്‍ വിളിച്ചു. ഒരു മണിക്കൂറിനുള്ളില്‍ സരിത്തിനെ വിട്ടയക്കുമെന്ന് ഷാജ് കിരണ്‍ ഉറപ്പ് നല്കി. അപ്പോള്‍ ഞാന്‍ ചോദിച്ചു, ആരാണ് കൊണ്ടുപോയത് എന്തിനാണ് കൊണ്ടുപോയതെന്ന്. താനിതൊന്നും അറിയേണ്ട എന്നായിരുന്നു മറുപടി. കുറച്ച് കഴിഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞുകൊണ്ട് വിളിച്ചു. വിജിലന്‍സ് ആണ് കൊണ്ടുപോയതെന്ന് പറഞ്ഞു. അന്ന് വൈകുന്നേരം വരെ ഷാജ് കിരണും ഇബ്രാഹിമും ഈ ഓഫീസില്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളെല്ലാം കണ്ടതാണ്,” സ്വപ്ന വിശദീകരിച്ചു.
”ഷാജും ഇബ്രാഹിമും വന്നത് സംസാരിക്കാന്‍ വേണ്ടിയാണ്. അതിന്റെ വോയിസ് റെക്കോര്‍ഡിങ്സ് എന്റെ അഭിഭാഷകന്റെ കൈയിലുണ്ട്. അദ്ദേഹവുമായി സംസാരിച്ചതിന് ശേഷം അത് പുറത്ത് വിടും. ഭയങ്കരമായ മാനസിക പീഡനമാണ് ഇന്നലെ വൈകുന്നേരം വരെ എനിക്ക് തന്നുകൊണ്ടിരുന്നത്. ആ മാനസിക പീഡനം കാരണം ഞാന്‍ എന്റെ 164 പിന്‍വലിക്കാന്‍ തന്നെയാണ് ഷാജ് കിരണ്‍ പറഞ്ഞത്,” സ്വപ്ന പറഞ്ഞു.
“പിന്നെ രാത്രിയായപ്പോള്‍ വിളിച്ചിട്ട്, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാറിനെ ഷാജ് കിരണുമായി നേരിട്ട് കാണുക, ഫോണ്‍ ചോദിച്ചാല്‍ അത് കൊടുക്കുക എന്നൊക്കെ പറഞ്ഞു. എന്താണോ അവര്‍ പറയുന്നത് അത് കേള്‍ക്കുക. അതോടെ എന്റെ യാത്രാ വിലക്ക്, എന്റെ കേസ് പരമായ എല്ലാ പ്രശ്നങ്ങളും ഇന്നത്തോടെ തീര്‍ത്തു തരും. ഇതെല്ലാം പറഞ്ഞതിന്റെ വോയിസ് റെക്കോര്‍ഡിങ്സ് എന്റെ അഭിഭാഷകന്റെ കയ്യിലുണ്ട്, ഇതാണ് ശെരിക്കും ഇപ്പോള്‍ സംഭവിക്കുന്നത്” സ്വപ്ന വെളിപ്പെടുത്തി.
Also Read: കെ ടി ജലീലിന്റെ പരാതി: സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അന്വേഷണത്തിന് പ്രത്യേക സംഘം