പാലക്കാട്: തന്നെ വിജിലന്‍സ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി എസ് സരിത്ത്. ഫോണ്‍ വിജിലന്‍സ് പിടിച്ചെടുത്തതായും ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ച സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സരിത്തിനെ ഫ്‌ളാറ്റില്‍നിന്ന് തട്ടിക്കൊണ്ടുപോയതല്ലെന്നും കസ്റ്റഡിയിലെടുത്തിട്ടുമില്ലെന്നുമാണ് വിജിലന്‍സ് അറിയിച്ചത്. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാന്‍ ചെന്നപ്പോള്‍ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്നും വിജിലന്‍സ് അറിയിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോസ്ഥരെ അറിയിച്ച ശേഷമായിരുന്നു വിജിലന്‍സിന്റെ നടപടിയെന്നു പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ തന്നെ വിജിലന്‍സ് സംഘം ബലം പ്രയോഗിച്ചാണ് ഫ്‌ളാറ്റില്‍നിന്ന് പുറത്തിറക്കി വാഹനത്തില്‍ കയറ്റിയതെന്നു സരിത്ത് ആരോപിച്ചു.
”ബലപ്രയോഗത്തില്‍ കൈയ്ക്കു പരുക്കുപറ്റി. നീരുണ്ട്. വാഹനത്തില്‍ കയറ്റിയശേഷമാണു വിജിലന്‍സാണെന്ന് പറഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു കാര്യവും ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു നോട്ടിസ് നല്‍കാതെയാണ് കൊണ്ടുപോയത്. സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെക്കുറിച്ചാണ് ചോദിച്ചത്. ആര് നിര്‍ബന്ധിച്ചിട്ടാണ് സ്വപ്ന ഇതൊക്കെ പറഞ്ഞതെന്ന് ചോദിച്ചു. പാലക്കാട് വിജിലന്‍സ് ഓഫിസില്‍ എത്തിച്ചശേഷമാണ് 16നു തിരുവനന്തപുരത്ത് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന നോട്ടിസ് നല്‍കിയത്,” സരിത്ത് പറഞ്ഞു.
താൻ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി സ്വപ്‌ന സുരേഷ് രാവിലെ ആരോപിച്ചിരുന്നു. പൊലീസെന്ന് പറഞ്ഞാണ് സംഘം എത്തിയത്. പൊലീസ് യൂണിഫോമിലല്ലായിരുന്നു. തിരിച്ചറിയൽ കാർഡും കാണിച്ചില്ല. താന്‍ ജോലി സ്ഥലത്തേക്കു പോയപ്പോഴാണ് സരിത്തിനെ തട്ടിക്കൊണ്ടു പോയതെന്നും സ്വപ്ന പറഞ്ഞു.
ഇന്നു രാവിലെ താന്‍ മാധ്യമങ്ങളെ കണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞതിനു പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതെന്നു സ്വപ്‌ന പറഞ്ഞു. ഒരു സ്ത്രീ സത്യം പറഞ്ഞാൽ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന പറഞ്ഞു. ഇന്നു രാവിലെ, പാലക്കാട് എച്ച്ആർഡിഎസിൽ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയതായിരുന്നു സ്വപ്ന. അവിടെവച്ച് മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാലംഗം വിജിലൻസ് സംഘം സജിത്തിനെ കൂട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ, പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. വന്നവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്.
Read More: ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ട്, ജീവന് ഭീഷണിയുണ്ട്: സ്വപ്ന സുരേഷ്