കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദ വനിതയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി സ്വപ്ന സുരേഷ്. “മുഖ്യമന്ത്രി, ഭാര്യ, മകള്‍, മകന്‍ എന്നിവരുമായി ക്ലിഫ് ഹൗസില്‍ വച്ച് ചര്‍ച്ചകള്‍ നടത്തി നടപടികള്‍ എടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അത് ഓര്‍മ്മയില്ലെങ്കില്‍ അതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ മുഖേന പുറത്തു വിട്ട് ഓര്‍മ്മിക്കാം,” സ്വപ്ന പറഞ്ഞു.
“കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേസ് കൊടുത്താലും മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതെല്ലാം അവസാനിക്കണമെങ്കില്‍ എന്നെ കൊല്ലണം. അപ്പോള്‍ ചിലപ്പോള്‍ എല്ലാം അവസാനിച്ചേക്കും. എന്നാലും കാര്യമുണ്ടാകില്ല. എന്റെ കയ്യിലുള്ള എല്ലാ തെളിവുകളും പലര്‍ക്കും ഞാന്‍ നല്‍കിയിട്ടുണ്ട്,” സ്വപ്ന കൂട്ടിച്ചേര്‍ത്തു.
“പുതിയ കേസ് പ്രകാരം എന്റെ മൊഴികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നാണ്. കോടതിയുടെ പക്കലുള്ള കോണ്‍ഫിഡന്‍ഷ്യലായ മൊഴിയെക്കുറിച്ച് ഇവര്‍ക്കെങ്ങനെ അറിയാം. അധികാരമുപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയൊ അത് എടുത്തിരിക്കുന്നു. അത് വായിച്ചിരിക്കുന്നു. അല്ലാതെ എങ്ങനെ പറയാന്‍ പറ്റു,” സ്വപ്ന വ്യക്തമാക്കി.
“അടുത്ത കേസ് ഗൂഢാലോചന എന്ന് പറയുന്നത് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയില്‍ കൃത്രിമം കാണിച്ചുവെന്നാണ്. ഞാനും ഷാജ് കിരണും സരിത്തും എന്റെ ഓഫീസ് മുറിയില്‍ ഇരുന്ന് സംസാരിച്ചതില്‍ എന്ത് മാറ്റം വരുത്തിയെന്നൊക്കെ ഈ സീനിയര്‍ പൊളിറ്റിഷ്യന്‍ എങ്ങനെ അറിയും,” സ്വപ്ന ചോദിച്ചു.
“ഞാന്‍ അത് എഡിറ്റ് ചെയ്തു, ഒറിജിനല്‍ നശിപ്പിച്ചു എന്നൊക്കെ എങ്ങനെ പറയാന്‍ കഴിയും. എന്നു വച്ചാല്‍ ഷാജ് കിരണിന് മുഖ്യമന്ത്രിയുമായി ബന്ധമുണ്ട്. അവരാണ് ഷാജ് കിരണിനെ എന്റെ ഓഫീസിലേക്ക് അയച്ചത്. അതുകൊണ്ട് എനിക്കെതിരെ വീണ്ടുമൊരു ഗൂഢാലോചനക്കേസ് ചുമത്തിയിരിക്കുന്നു. ഈ ഗൂഢാലോചന ഞാനാണൊ ചെയ്തത്. അതോ ഈ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും രാഷ്ട്രീയ പാര്‍ട്ടിയും ഷാജ് കിരണിനെ ഉപയോഗിച്ചു കൊണ്ടാണോ ചെയ്തത്,” സ്വപ്ന പറഞ്ഞു.
Also Read: ‘കൊലപ്പെടുത്താന്‍ ശ്രമിച്ചു’; ഇ. പി. ജയരാജനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്