തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥർ പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം പൊലീസ് ക്ലബ്ബിലെത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. പ്രതികള്‍ ശിവശങ്കറിന്റെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനായി രണ്ട് മാസത്തെ ദൃശ്യങ്ങള്‍ നല്‍കാനാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്കഴിഞ്ഞയാഴ്ച ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായും ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ ത്തുടര്‍ന്നാണ് അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്തത്. അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ രണ്ടംഗ സമിതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ശിവശങ്കർ സസ്പെന്‍ഷനിലാണ്.
ദുരൂഹ വ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണമെന്ന് സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിളിച്ചു ചേര്‍ത്ത പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്തു. ദുരൂഹ വ്യക്തികളെ ഓഫീസില്‍ കയറ്റരുതെന്നും തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്, കെ ടി റമീസ് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങും.
മൂന്ന് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം തുടങ്ങി. മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരം അടക്കം ശേഖരിച്ചു. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനും റവന്യു വകുപ്പിനും കത്ത് നൽകി. പ്രതികൾക്ക് തലസ്ഥാനത്ത് ബിനാമി സ്വത്തുക്കളുണ്ടെന്ന വിവരവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സഫേമ നിയമപ്രകാരമാണ് കസ്റ്റംസ് നടപടി.
കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചുപണി
തിരുവനന്തപുരം വിമാനത്താവളം ആസ്ഥാനമാക്കി നടന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി. ആറ് സൂപ്രണ്ടുമാരും രണ്ട് ഇൻസ്പെക്ടർമാരും അടക്കം അന്വേഷണസംഘത്തിലുള്ള എട്ട് പേരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി.
കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റിലേക്ക് മാറ്റിയത്. ഡെപ്യൂട്ടേഷന് കഴിഞ്ഞതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം. അപ്രതീക്ഷിത നടപടിയിൽ പ്രിവന്റീവ് വിഭാഗം അതൃപ്തി അറിയിച്ചതായി സൂചന. സ്ഥലം മാറ്റപ്പെട്ടവർക്ക് പകരമായി എട്ട് ഉദ്യാഗസ്ഥരെത്തന്നെ പ്രിവന്റീവിലേക്ക് നിയമിച്ചിട്ടുണ്ട്.
മൂന്ന് പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിൽ എൻഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്ന് പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനുളള അനുമതി ഇന്നലെ ലഭിച്ചിരുന്നു. ദുബായിൽ കഴിയുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികളും കസ്റ്റംസ് തുടങ്ങും.
Read More: സ്വർണക്കടത്ത്: പ്രതികൾ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം, പിടിക്കപ്പെടും മുൻപ് വിവരങ്ങൾ നീക്കി