കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യകണ്ണി കെ ടി റമീസാണെന്ന് എന്‍ഐഎ. റമീസിനെ പ്രതി ചേര്‍ക്കുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും എന്‍ഐഎ അറിയിച്ചു. കേസില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചതായും എന്‍ഐഎ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്തെ സാഹചര്യം ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം കടത്താനുള്ള ആശയം മുന്നോട്ട് വച്ചത് റമീസാണെന്ന് സന്ദീപ് മൊഴി നല്‍കിയെന്നും എന്‍ഐഎ പറയുന്നു.

സ്വപ്‌നയും സന്ദീപും വാട്‌സ് ആപ്പും ടെലഗ്രാമും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സിഡാക്കിലെ വിദഗ്ദ്ധരുടെ സഹായത്തോടെ സന്ദേശങ്ങള്‍ തിരിച്ചെടുത്തു.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി എൻഐഎ കോടതി നീട്ടി. ജൂലെെ 24 വരെയാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നുള്ള എൻഐഎയുടെ അപേക്ഷ പരിഗണിച്ചാണ് പ്രത്യേക കോടതി ജഡ്‌ജി പി.കൃഷ്ണകുമാർ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചത്. ആദ്യ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി.

സരിത്തിനെ തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തിച്ചു

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ തെളിവെടുപ്പിനായി എൻഐഎ തിരുവനന്തപുരത്തെത്തിച്ചു. അതിരാവിലെ കൊച്ചിയിൽ നിന്ന് തിരിച്ച അന്വേഷണ സംഘം തിരുവനന്തപുരത്തെ പൊലീസ് ക്ലബിലേക്ക് എത്തി. അവിടെ നിന്നാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. വിമാനത്താവളത്തിലെ കാര്‍ഗോ അടക്കമുള്ള ഇടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. നേരത്തെ സ്വപ്‌നയെയും സന്ദീപിനെയും തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

സരിത്തിനെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു സമീപമുള്ള കെട്ടിടത്തിൽ തെളിവെടുപ്പിനു എത്തിച്ചപ്പോൾ

വ്യാജസീൽ നിർമിച്ച കട കണ്ടെത്തി

പ്രതികൾ വ്യാജ സീൽ ഉണ്ടാക്കിയ കട അന്വേഷണസംഘം കണ്ടെത്തി. തെളിവെടുപ്പിനിടെ സരിത്താണ് വ്യാജ സീൽ നിർമിച്ച കട അന്വേഷണ ഉദ്യോഗസ്ഥർക്കു കാണിച്ചുകൊടുത്തത്. സ്‌റ്റ‌ാച്യു പരിസരത്തുള്ള കടയിൽ നിന്നാണ് വ്യാജ സീൽ നിർമിച്ചത്.

തീവ്രവാദബന്ധത്തെ കുറിച്ച് അന്വേഷിക്കും

കേരളത്തിലെ സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തേക്കുറിച്ച് പൊലീസും പരിശോധിക്കുന്നു. തീവ്രവാദവിരുദ്ധ സ്ക്വാഡിനാണ് അന്വേഷണ ചുമതല. സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാല സംഘമുണ്ടെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അന്വേഷണം കൂടുതൽ പേരിലേക്ക്

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന് സൂചന. കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ റബിൻസാണെന്നാണ് വിവരം. യുഎഇയിൽ നിന്ന് പാഴ്‌സൽ ഫൈസലിന്റെ പേരിൽ അയച്ചത് റബിൻസാണ്. ദുബായിൽ നടന്ന നീക്കങ്ങളുടെ പിന്നിലും റബിൻസാണെന്നാണ് റിപ്പോർട്ടുകൾ. യുഎഇ നയതന്ത്ര കാര്യാലയത്തിലും റബിൻസിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കും.

Read Also: കേരളം മുതൽ കൊറിയവരെ, പനമ്പിള്ളിയിൽ നിന്നും പോളണ്ടിലേക്ക്; എല്ലാ യാത്രകളുടെയും സൂത്രധാരൻ

പ്രതിഷേധവുമായി ബിജെപി

സംസ്ഥാന ആഭ്യന്തരവകുപ്പിനും സ്വര്‍ണക്കടത്ത് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗണ്‍മാന്‍ ജയഘോഷിനെ നിയമിച്ചത് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. കോണ്‍സുലേറ്റിന് സുരക്ഷയൊരുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്നും കോണ്‍സലിന് ഗണ്‍മാനെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതികരണവുമായി കിരൺ മാർഷൽ

സ്വർണക്കടത്ത് കേസിലെ പ്രതികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പള്ളിത്തോട് സ്വദേശി കിരൺ മാർഷൽ. സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിനെ സംസ്ഥാനം വിടാൻ സഹായിച്ചത് പള്ളിത്തോട് സ്വദേശി കിരൺ ആണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണങ്ങളെ തള്ളി കിരൺ മാർഷൽ രംഗത്തെത്തിയത്.

“പ്രതികളെ ഒരു പരിചയവുമില്ല. പ്രതികളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. തങ്ങളുടേത് ഒരു ഇടതുപക്ഷ കുടുംബമാണ്. മുഖ്യമന്ത്രി പിണറായിയുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് ഇത്തരം വ്യാജവാർത്തകൾ. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളൊന്നും ഇതുവരെ സമീപിച്ചിട്ടില്ല,” കിരൺ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേര് അടിസ്ഥാനരഹിതമായി വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook