കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റേയും സന്ദീപിന്റെയും ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. ഇരുവരുടെയും കസ്റ്റഡി അപേക്ഷയും നാളെ കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും തെളിവുകൾ ലഭ്യമായിട്ടുണ്ടങ്കിൽ ഹാജരാക്കാൻ എൻഐഎക്ക് കോടതിയുടെ നിർദേശം നൽകിയിരുന്നു. നടന്നത് സ്വർണ്ണക്കടത്താണന്നും ദേശസുരക്ഷയെ ബാധിക്കുന്ന ഒന്നും ഇല്ലെന്നും യുഎപിഎ ചുമത്താൻ തക്ക തെളിവുകൾ ഇല്ലന്നും സ്വപ്നയുടെ അഭിഭാഷകൻ ബോധിപ്പിച്ചതിനെ തുടർന്നാണ് കോടതി റിപ്പോർട് ആവശ്യപെട്ടത്.
Read More: സ്വർണക്കടത്ത് കേസിൽ വീണ്ടും അറസ്റ്റ്
ജൂലൈ 29ന് സ്വപ്നസുരേഷിന്റേയും സന്ദീപിന്റേയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കേസിൽ ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും തെളിവുകൾ ലഭ്യമായിട്ടുണ്ടങ്കിൽ ഹാജരാക്കാൻ എൻഐഎക്ക് പ്രത്യേക കോടതി നിർദേശം നൽകിയത്. അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങൾ പട്ടിക തിരിച്ച് ഒരാഴ്ചക്കകം സമർപ്പിക്കാനാണ് എൻ ഐ എ കോടതി ജഡ്ജി പി. കൃഷ്ണകുമാർ നിർദേശിച്ചത്.
പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും അനന്തമായി കസ്റ്റഡിയിൽ വയ്ക്കാനാവില്ലന്നും ജാമ്യം അനുവദിക്കാനാവില്ലന്നും ഇവരുടെ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു. എന്നാൽ പ്രതികൾക്കെതിരെ തെളിവുണ്ടന്ന് എൻഐഎ അറിയിക്കുകയായിരുന്നു. ഐ ടി വകുപ്പിന് കീഴിൽ ജോലി നേടുന്നതിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ സ്വപ്നയുടെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിന് എൻഐഎ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു.
Read More: വ്യാജ സർട്ടിഫിക്കറ്റ്: സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനു അനുമതി
ഓഗസ്റ്റ് ഒന്നുവരെ കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ച് ഇവരെ കസ്റ്റഡിയിലെടുക്കാനായിരുന്നു സമ്മതിച്ചത് .മറ്റൊരു പ്രതിയായ റമീസിനെ എൻ ഐഎ കോടതി പത്ത് ദിവസത്തേക്ക് എൻഐഎയുടെ കസ്റ്റഡിയിലും വിട്ടിരുന്നു. അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു പ്രത്യേക കോടതി കസ്റ്റഡി അനുവദിച്ചത്.