കൊച്ചി: ഗൂഢാലോചനയും കലാപ ശ്രമവും ആരോപിച്ച് സ്വപ്ന സുരേഷിനെതിര രജിസ്റ്റർ ചെയ്ത കേസിലെ പരാതി ഹാജരാക്കാൻ ഹൈക്കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. കേസെടുത്ത് പൊലീസ് പീഡിപ്പിക്കുകയാണന്ന് സ്വപ്ന ബോധിപ്പിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണല്ലോ ചുമത്തിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ജസ്റ്റീസ് സിയാദ് റഹ്മാനാണ് പരിഗണിച്ചത്. അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി മാറ്റി.
മുഖ്യമന്ത്രിയേയും കുടുംബത്തിന്റെയും സർക്കാരിന്റെയും പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.ടി.ജലീൽ കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് സ്വപ്നക്കെതിരെ കേസെടുത്തത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയായ താൻ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മൊഴിയിൽ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും താൻ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നുമാണ് സ്വപ്നയുടെ വാദം.
മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെ സുഹൃത്ത് സരിത്തിനെ ചിലർ ബലം പ്രയോഗിച്ച് ഫ്ലാറ്റിൽ നിന്ന്തട്ടിക്കൊണ്ടുപോയെന്നും പിന്നീടാണ് വിജിലൻസ് ആണ് ഇതിന് പിന്നിലെന്നും മനസിലായത്. ലൈഫ്മിഷൻ കേസുമായി ബന്ധപ്പെട്ടാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് വിജിലൻസ് വിശദീകരിക്കുന്നുണ്ടങ്കിലും മൊഴി നൽകാൻ തന്നെ ആരാണ് പ്രേരിപ്പിച്ചതെന്നാണ് സരിത്തിനോട് ചോദിച്ചത്.
കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതിന് മതിയായ കാരണം പറയുന്നില്ല. ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് തന്നെ പീഡിപ്പിക്കാനും ഭീഷണിപ്പടുത്തി മൊഴി മാറ്റിക്കാനാണ് ശ്രമമെന്നും സ്വപ്‌ന ഇന്നലെ നൽകിയ ഹർജിയിൽ പറയുന്നു.
അതേസമയം, കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. മതനിന്ദ നടത്തി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും കേസിന് പിന്നിൽ ദുരുദ്ദേശപരമാണെന്നുമാണ് ഹർജിയിൽ പറയുന്നത്. സ്വപ്ന സുരേഷിന് വേണ്ടി കോടതിയിൽ ഹാജരായതിനുള്ള പ്രതികാര നടപടിയാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് ഹർജിയിലെ വാദം.