സ്വപ്‌ന കസ്റ്റഡിയില്‍; ‘സ്വര്‍ണച്ചുരുള്‍’ നിവരുമോ?

സ്വര്‍ണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ബംഗളൂരുവിൽ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്

Swapna Suresh Thiruvanathapuram Gold Smuggling

കൊച്ചി: കോവിഡ് കേസുകള്‍ അപകടകരമായ നിലയില്‍ പെരുകുമ്പോഴും സ്വര്‍ണക്കടത്ത് കേസ് ഉയര്‍ത്തിയ വിവാദവും സമരവും ഒഴിയാതെ കേരളം. സംസ്ഥാന സര്‍ക്കാരിനെതിരെ ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധം നടന്നു. അതിനിടെ, രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എന്‍ഐഎയുടെ കസ്റ്റഡിലായതോടെ നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കുകയാണ് കേസ്. സ്വര്‍ണക്കടത്ത് സംബന്ധിച്ച ഇന്നത്തെ വാര്‍ത്തകള്‍ ഇവിടെ വായിക്കാം.

സ്വപ്നയും സന്ദീപും അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും കസ്റ്റഡിയില്‍. ഇരുവരെയും എന്‍ഐഎയുടെ ബംഗളൂരുവിലെ യൂണിറ്റാണ് കസ്റ്റിഡിയിലെടുത്തത്. ഇക്കാര്യം എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചതായാണു വിവരം. ഇരുവരെയും പിടികൂടിയ വിവരം ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് സ്വപ്‌നയെയും സന്ദീപിനെഇവരെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. ഇരുവരെയും നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ബംഗളൂരുവില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് സ്വപ്ന ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒളവില്‍ കഴിയാന്‍ സ്വപ്നയ്ക്ക് സഹായം നല്‍കുന്നവരെയും സ്വപ്നയുമായി അടുപ്പമുള്ളവരെ എന്‍ഐഎ നിരീക്ഷിച്ചുവരികയായിരുന്നു.

പ്രതികളെ പിടികൂടാന്‍ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണര്‍ക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത പുറത്തുവന്നത്. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ദുബായില്‍നിന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ അയച്ച സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ സ്വപ്‌ന സുരേഷാണ് കസ്റ്റംസിനെ ഔദ്യോഗികമായി ബന്ധപ്പെട്ടത്. എന്നാല്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് തനിക്ക് ഒരറിവുമില്ലെന്നും ബാഗ് വിട്ടുകിട്ടാന്‍ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടതനുസരിച്ചാണു താന്‍ കസ്റ്റംസിനെ ബന്ധപ്പെട്ടതെന്നുമാണു മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സ്വപ്‌ന ബോധിപ്പിച്ചിരുന്നത്.

അന്വേഷണം ഫൈസലിലേക്ക്

കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ കേന്ദ്രീകരിച്ചാണ് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നതെന്നാണു സൂചന. നേരത്തെ അറസ്റ്റിലായ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസലിലേക്ക് അന്വേഷണം നീളുന്നതെന്നാണ് വിവരം.

സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഫൈസല്‍ ഫരീദ് ഉള്‍പ്പെടുന്ന സംഘവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് എന്‍ഐഎയുടെ നിഗമനം.

കേസില്‍ ഫൈസല്‍ ഫരീദ് ഉള്‍പ്പെടെ നാലുപേരെയാണ് എന്‍ഐഎ പ്രതിചേര്‍ത്തിരിക്കുന്നത്. അറസ്റ്റിലായ പി.എസ്.സരിത്ത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയുമാണ്. ഒളിവിലുള്ള സന്ദീപ് നായരാണ് നാലാം പ്രതി. യുഎപിഎയിലെ 16, 17, 18 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

സരിത്തിനെ എന്‍ഐഎ ചോദ്യം ചെയ്തു

കസ്റ്റംസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിയാണ് എന്‍ഐഎ ചോദ്യം ചെയ്തത്. കേസില്‍ കസ്റ്റംസാണു സരിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്നാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിനു ലഭിച്ചത്. കഴിഞ്ഞദിവം കോടതിയില്‍ ഹാജരാക്കിയ സരിത്തിനെ 15വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. സന്ദീപ് ഒളിവിലാണ്. ഇയാള്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതികളുമായി ബന്ധപ്പെട്ട ചിലയിടങ്ങളിലും കസ്റ്റംസ് റെയ്ഡ് നടത്തിയതായാണു സൂചന. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ക്യാരി ബാഗുകള്‍ റെയ്ഡില്‍ കസ്റ്റംസിനു ലഭിച്ചതായാണു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതി പട്ടികയിലുള്ള സന്ദീപ് നായരെ കൂടി പിടികൂടിയാല്‍ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നാണ് കസ്റ്റംസ് കരുതുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിന്

കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിനു ലഭിച്ചു. 23 സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. വ്യവസായ വകുപ്പിന് കീഴിലെ കെഎസ്‌ഐഇക്കാണ് കാര്‍ഗോ കോംപ്ലക്‌സിന്റെ നടത്തിപ്പ് ചുമതല.

ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന

സ്വര്‍ണക്കടത്ത് വിവാദത്തെത്തുടര്‍ന്ന് സ്ഥാനം തെറിച്ച മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ളാറ്റില്‍ നടന്ന പരിശോധന ഒന്നരമണിക്കൂര്‍ നീണ്ടു. ഫ്‌ളാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഫ്‌ളാറ്റിലെ മേല്‍നോട്ടക്കാരന്റെയും സെക്യൂരിറ്റി ജീവനക്കാരന്റെയും മൊഴി കസ്റ്റംസ് രേഖപ്പെടുത്തി.

ഫ്‌ളാറ്റിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചതായാണു വിവരം. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ശിവശങ്കറിന്റെ ഫ്‌ലാറ്റിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

Swapna Suresh,സ്വപ്‌ന സുരേഷ്, thiruvananthapuram gold smuggling case, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്‌, uae consulate, യുഎഇ കോണ്‍സുലേറ്റ്‌, customs investigation in gold smuggling case,സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം, nia investigation gold smuggling case, സ്വര്‍ണക്കടത്ത് കേസിൽ എന്‍ഐഎ അന്വേഷണം, sarith, സരിത്, sandeep nair, സന്ദീപ്  നായർ, pinarayi vijayan, പിണറായി വിജയൻ, m sivasankar എം ശിവങ്കർ ഐഎഎസ്, ie malayalam ഐഇ മലയാളം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഈ ഫ്‌ലാറ്റിലെത്തി ചര്‍ച്ച നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനു ഏതെങ്കിലും തരത്തില്‍ നേരിട്ടു ബന്ധമുള്ളതായി കസ്റ്റംസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അതേസമയം, പരിശോധന നടക്കട്ടെയെന്നും പ്രതികരിക്കാനില്ലെന്നുമാണു ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സ്വപ്നയ്ക്കു ഗുണ്ടാബന്ധമെന്ന് മര്‍ദനത്തിനിരയായ യുവാവ്

സ്വപ്ന സുരേഷിന് ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് വിവാഹ ചടങ്ങിനിടെ സ്വപ്നയുടെ മര്‍ദനമേറ്റ യുവാവിന്റെ വെളിപ്പെടുത്തല്‍. ബോഡിഗാര്‍ഡുമാരെന്ന പേരില്‍ സ്വപ്നയ്‌ക്കൊപ്പമുളളത് ഗുണ്ടകളാണ്. സഹോദരന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് സ്വപ്ന മര്‍ദിച്ചത്. സരിത്തും സ്വപ്നയുടെ ഭര്‍ത്താവും പത്തിലേറെ ബോഡിഗാര്‍ഡും സ്വപ്നക്കൊപ്പം ഉണ്ടായിരുന്നുവെന്നും യുവാവ് പറഞ്ഞു.

ബന്ധുവിന്റെ മകളെയാണ് സ്വപ്നയുടെ അനുജന്‍ വിവാഹം കഴിച്ചത്. ഈ ബന്ധം വേണ്ടെന്നും നല്ലതല്ലെന്നും ദുബായിലുള്ള സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം താന്‍ ബന്ധുക്കളെ അറിയിച്ചു. ഇതറിഞ്ഞ സ്വപ്ന വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞാണ് വിവാഹസല്‍ക്കാരത്തിനിടെ മര്‍ദിച്ചത്. ആദ്യം ഒരു മുറിയില്‍ കയറ്റി മര്‍ദിച്ചു. പിന്നീട് മുറിയില്‍ നിന്ന് പുറത്തിറക്കി ഹാളില്‍ വച്ച് ഉപദ്രവിച്ചു. ഈ സമയത്ത് ശിവശങ്കര്‍ അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. ശിവശങ്കര്‍ റിസപ്ഷന്റെ തുടക്കം മുതല്‍ അവസാനം വരെ സജീവമായുണ്ടായിരുന്നെന്നും യുവാവ് പറഞ്ഞു.

സ്വപ്ന സുരേഷിന്റെ സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹ പാര്‍ട്ടിക്കിടെ യുവാവിനെ സ്വപ്നയും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ സിസിടിവി പുറത്തുവന്നിരുന്നു. 2019 ഡിസംബര്‍ ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ചായിരുന്നു വിവാഹ പാര്‍ട്ടി.

സ്വപ്‌നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്: അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

കേസില്‍ കസ്റ്റഡിയിലായ സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് എങ്ങനെയാണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അത് അന്വേഷിക്കും. മറ്റ് കാര്യങ്ങളില്‍ സാധാരണ നിലയില്‍ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌ന വിവിധ ജോലികള്‍ക്കു സമര്‍പ്പിച്ചത്. 2011 ല്‍ ബികോം ബിരുദം നേടിയെന്നാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. എന്നാല്‍ തങ്ങള്‍ക്ക് ബികോം കോഴ്‌സ് ഇല്ലെന്നാണു സര്‍വകലാശാല വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പൊലീസ് അന്വേഷിക്കണം: ചെന്നിത്തല

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംബന്ധിച്ച ആരോപണങ്ങള്‍ കേരള പൊലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി.

Ramesh Chennithala Pinarayi Vijayan

സ്വര്‍ണക്കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ഭീകരവാദവും അടങ്ങുന്ന രാജ്യദ്രോഹകുറ്റവുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എന്നാല്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തില്‍ കേരള പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു.

സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള വിസിറ്റിങ് കാര്‍ഡ് അടിച്ച് താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന മട്ടില്‍ സ്വപ്ന സുരേഷ് ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയത് സംബന്ധിച്ചും ഔദ്യോഗിക വാഹനങ്ങള്‍ കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തതും മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കമുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കുമൊന്നും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരുന്നില്ല. അതിനാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

വി. മുരളീധരന്‍ സംശയനിഴലില്‍: കോടിയേരി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ കയ്യിലുണ്ടെന്ന് പറയുന്നവര്‍ അതെല്ലാം അന്വേഷണസംഘത്തിനു നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയും കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സ്വര്‍ണക്കടത്തിനു ഉപയോഗിച്ചത് നയതന്ത്ര ബാഗ് അല്ലെന്ന വി.മുരളീധരന്റെ പരാമര്‍ശത്തെയാണ് കോടിയേരിയുടെ പ്രസ്താവനയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരിക്കെ വിവാദങ്ങളുടെ പുകമറയുയര്‍ത്തുന്നവര്‍ യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് ദുരന്തകാലത്തുപോലും നാടിനെയും നാട്ടുകാരെയും കുരുതികൊടുത്തുകൊണ്ട് ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന ബിജെപി-യുഡിഎഫ് കൂട്ടുകെട്ടിനെ ജനം തിരിച്ചറിയും.

കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേസില്‍ ഏതന്വേഷണവും ആകാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയാണ് അടിവരയിടുന്നത സ്വര്‍ണക്കടത്തിന്റെ ആസൂത്രകരെയും നടത്തിപ്പുകാരെയും ഗുണഭോക്താക്കളെയും അവരുടെ രക്ഷിതാക്കളെയും ഇതിലൂടെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. മറ്റു കള്ളക്കടത്ത് കേസുകളുടെ ഗതി ഈ കേസിനുണ്ടാകരുത്. എന്നു മാത്രമല്ല, മറ്റു കേസുകളുടെ പിന്നാമ്പുറങ്ങളിലേക്കുകൂടി ഇതിലൂടെ കടക്കാനാകണം.

Kodiyeri Balakrishnan, CPIM, LDF

ഈ സ്വര്‍ണ്ണക്കടത്ത് പുറത്തുവന്നയുടന്‍ പലര്‍ക്കുമെതിരെ വിരല്‍ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഏറെയാണ്. അവരെല്ലാം തെളിവുകള്‍ അന്വേഷകര്‍ക്ക് കൈമാറണം.

സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാന്‍ ഇടപെട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകനായ ഒരു ക്ലിയറിങ് ഏജന്റാണ് എന്നത് നിസാരമല്ല. ബാഗ് തടഞ്ഞുവച്ചാല്‍ പണിപോകും എന്ന് ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി. വിട്ടുകൊടുക്കില്ല എന്ന് കണ്ടപ്പോള്‍ ബാഗ് തിരിച്ചയക്കാനും സമ്മര്‍ദം ചെലുത്തി.

ഇതിനുപിന്നാലെയാണ് സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ല എന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവന വന്നത്. നയതന്ത്രബാഗ് ക്ലിയര്‍ ചെയ്യാന്‍ ഏജന്റിന്റെ ആവശ്യമില്ല എന്നിട്ടും ബിഎംഎസ് നേതാവായ ക്ലിയറിങ് ഏജന്റ് അതില്‍ ഇടപെട്ടു. സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനകാരിലേക്കും വിരല്‍ ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂശാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല.

ഇതിനുപിന്നാലെയാണ് സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലാണെന്ന എന്‍ഐഎയുടെ പ്രസ്താവന പുറത്തുവരുന്നത്. അതോടെ മുരളീധരന്‍ സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കുന്നത് ഉത്തമമായിരിക്കും.

ഇതോടൊപ്പം പുറത്തുവന്ന മറ്റൊരു കാര്യം കൂടിയുണ്ട്, കേസിലെ പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവായ വക്കീലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഈ കേസിലെ പ്രതിയുടെ സംരക്ഷണത്തിന് രാജ്യസ്‌നേഹം പ്രസംഗിക്കുന്ന സംഘപരിവാര്‍ സംഘടനയുടെ നേതാവുതന്നെ നേരിട്ടിറങ്ങി പുറപ്പെട്ടത് ശ്രദ്ധേയമാണ്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഇതെല്ലാം തെളിയിക്കുന്നുവെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

നിലയ്ക്കാതെ പ്രതിഷേധം

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ യുവജന സംഘടനകളുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ കോഴിക്കോട്, പത്തനംതിട്ട, കൊല്ലം തുടങ്ങി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇന്ന് പ്രതിഷേധം നടന്നു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കൊല്ലം കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു. പ്രവര്‍ത്തര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതു പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും ഉന്തുംതള്ളും നടന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

പത്തനംതിട്ട അടൂരില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയതോടെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനു മര്‍ദനമേറ്റു.
ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട്ട് ഇന്നലെ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച് നടത്തി. മുതലക്കുളം മൈതാനത്തു മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചായിരുന്നു ബി.ജെ.പിയുടെ സമരം.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: കെ സുധാകരനെതിരെ കേസ്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ പിണറായിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കെ സുധാകരന്‍ എംപി, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുത്തു. നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15 പേര്‍ക്കും മറ്റ് 100 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് കെ.സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.

ഇന്നലെ നടന്ന മാര്‍ച്ച് സംഘര്‍ഷിത്തിലാണ് കലാശിച്ചത്. ഉദ്ഘാടനത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരം കുറ്റകരം: മുഖ്യമന്ത്രി

കോവിഡ്-19 പ്രോട്ടോക്കോളുകള്‍ ലംഘിച്ച് പ്രതിപക്ഷവും ബിജെപിയും നടത്തുന്ന സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ്-19 പ്രോട്ടോക്കോളുകള്‍ ലംഘിച്ചുള്ള സമരങ്ങള്‍ എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നതായും അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതാകുമെന്നും മുഖ്യമന്ത്രി വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. ഇന്നും സുരക്ഷാ മുന്‍കരുതലും നിയന്ത്രണങ്ങളും കൂട്ടാക്കാതെ സമരങ്ങള്‍ സംഘടിപ്പിച്ചുവെന്നും ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിദുരന്തങ്ങളും മറ്റും വന്നപ്പോള്‍ മറ്റെല്ലാം മാറ്റിവെച്ച് പ്രതിരോധത്തിന് ഒന്നിച്ചിറങ്ങിയ അനുഭവമുള്ള നാടാണ് ഇത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിന് നേതൃത്വം നല്‍കുന്നതും കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് സമ്പര്‍ക്കം മുഖേനയുള്ള കേസുകള്‍ കൂടുകയാണെന്നത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

അതേസമയം, യുഡിഎഫ് സമരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോവിഡ് വന്ന് ചാകുമെന്ന് പറഞ്ഞ് പേടിപ്പിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Swapna suresh pinarayi vijayan trivandrum airport gold smuggling case news wrap july 11

Next Story
ഫോൺ കോളുകൾ കുടുക്കി; സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express