scorecardresearch
Latest News

സരിത്തിന്റെ മൊഴി ശിവശങ്കറിനു വിനയാകുമോ? അന്വേഷണം മുറുക്കി എൻഐഎ

ശിവശങ്കറുമായി തങ്ങൾക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായി സരിത് മൊഴി നൽകി

sivasankar, ie malayalam

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ  എൻഐഎ അന്വേഷണം ഊർജിതമാകുന്തോറും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനു കുരുക്ക് മുറുകുന്നതായാണ് സൂചനകൾ. ശിവശങ്കറിനെതിരെ ഒന്നാംപ്രതി സരിത്ത് മൊഴി നൽകിയതായാണ് സൂചന. ശിവശങ്കറിനെ എൻഐഎ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനെതിരെ അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തി. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരെയാണ് ആരോപണവുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്തുവന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള ഇന്നത്തെ വാർത്തകൾ വിശദമായി ഇവിടെ വായിക്കാം.

ചോദ്യങ്ങളെല്ലാം ശിവശങ്കറിലേക്ക്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത് ശിവശങ്കറിനെതിരെ മൊഴി നൽകിയതായാണ് സൂചന. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. ശിവശങ്കറുമായി തങ്ങൾക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായി സരിത് മൊഴി നൽകിയിട്ടുണ്ട്.

വ്യക്തിപരമായ വിഷയങ്ങളിലടക്കം ശിവശങ്കർ ഇടപെടാറുണ്ട്. ശിവശങ്കറിന്റെ ഔദ്യോഗിക വാഹനമടക്കം തങ്ങൾ ഉപയോഗിച്ചിട്ടുള്ളതായും സരിത് മൊഴി നൽകിയിട്ടുണ്ട്. ജലാൽ വഴിയാണ് കള്ളക്കടത്ത് സ്വർണം വിറ്റിരുന്നത്. സ്വപ്‌ന ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനത്തിലും സ്വർണം കടത്തിയിരുന്നു. ഫൈസൽ ഫരീദ് തന്നോടൊപ്പം ഖരാമയിൽ ജോലി ചെയ്‌തിരുന്ന ആളാണെന്നും സരിത്ത് മൊഴി നൽകിയിട്ടുണ്ട്.

പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ്

പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻഐഎ തിരുവനന്തപുരത്ത് കൊണ്ടുപോയി തെളിവെടുത്തു. സ്വപ്‌നയെയും സന്ദീപിനെയും വെവ്വേറെ വാഹനങ്ങളിലായാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. സെക്രട്ടറിയേറ്റിനു സമീപത്തെ ഫ്ലാറ്റിലടക്കം തെളിവെടുപ്പ് നടന്നു. തിരുവനന്തപുരത്തെ മൂന്ന് ഫ്ലാറ്റുകളിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പ് സംഘം സഞ്ചരിക്കുന്ന വാഹനം പുറത്തേക്ക്

കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നിന്നു ഇന്നു രാവിലെയാണ് പ്രതികളുമായി അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ ശേഷം അന്വേഷണസംഘം രണ്ടായി തിരിഞ്ഞ് തെളിവെടുപ്പ് നടത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി സംശയിക്കുന്ന വാടക വീട്ടിലും തെളിവെടുപ്പ് നടന്നു. സ്വപ്‌നയെയും സന്ദീപിനെയും വെവ്വേറെയായി തെളിവെടുപ്പ് നടത്തി. മാധ്യമപ്രവർത്തകരടക്കം നിരവധിപേർ തെളിവെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെത്തി. കനത്ത സുരക്ഷിയിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.

എൻഐഎയിലും കോടതിയിലും വിശ്വാസം: സന്ദീപ്

എൻഐഎയിലും കോടതിയിലും വിശ്വാസമുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർ. തെളിവെടുപ്പിനിടെയാണ് സന്ദീപിന്റെ പ്രതികരണം. എൻഐഎയിൽ പൂർണവിശ്വാസമുണ്ടെന്ന് സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ആരെങ്കിലും കുടുക്കിയതാണോ എന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തോട് സന്ദീപ് പ്രതികരിച്ചത് ഇങ്ങനെ: “എൻഐഎയിൽ വിശ്വാസമുണ്ട്, കോടതിയിലും വിശ്വാസമുണ്ട്.” മറ്റൊന്നും പറയാതെ സന്ദീപ് വാഹനത്തിൽ കയറി. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായ ശേഷം എൻഐഎ സംഘം സന്ദീപിനെയും സ്വപ്‌ന സുരേഷിനെയും പുറത്തേക്കു കൊണ്ടുവരികയായിരുന്നു. സ്വപ്‌ന മാധ്യമങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘത്തിന്റെ താവളം: കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറും അരുണ്‍ ബാലചന്ദ്രനുമൊപ്പം അനധികൃത ഇടപാടുകള്‍ നടത്തുന്ന രവീന്ദ്രനാണ് ഇതിന്റെ പ്രധാന വക്താവ്.

ശിവശങ്കറും രവീന്ദ്രനുമടക്കമുള്ള ആളുകള്‍ വന്‍ ഇടപാടുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയിരുന്നത്.സംസ്ഥാന ഖജനാവ്‌ കൊള്ളയടിക്കുന്ന കൊള്ളസംഘത്തിന്റെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. മുഖ്യമന്ത്രി രാജിവയ്ക്കണം.

പിണറായിയുടേത് ഒട്ടകപ്പക്ഷി നയമാണ്. സ്വന്തം ഓഫിസിൽ എന്ത് നടക്കുന്നുവെന്ന് അറിയാത്ത മുഖ്യമന്ത്രി എങ്ങനെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും? മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സംരംഭത്തെ ശിവശങ്കര്‍ സഹായിച്ചോയെന്ന് മുഖമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വർണം തിരിച്ചയക്കാനും ശ്രമം, അറ്റാഷെയുടെ കത്ത് പുറത്ത്

കള്ളക്കടത്ത് സ്വര്‍ണം തിരിച്ചയക്കാന്‍ ശ്രമം നടന്നു. സ്വർണക്കടത്ത് പിടിക്കുമെന്ന സാഹചര്യം വന്നപ്പോൾ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെ സ്വർണമടങ്ങുന്ന ബാഗേജ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. അറ്റാഷെ കസ്റ്റംസ് അസി.കമ്മിഷണർക്ക് കത്തയച്ചതായാണ് വിവരം. തിരിച്ചയക്കുന്ന കാർഗോ ഫെെസൽ ഫരീദിനു നൽകണമെന്നും പറഞ്ഞുള്ള കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വർണക്കടത്ത് അറ്റാഷെയുടെ അറിവോടെയാണ് എന്ന സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കത്ത്.

Read Also: രോഗ വ്യാപനമില്ല, എറണാകുളം മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍

അന്വേഷണ പുരോഗതി വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

സ്വർണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ സിബിഐ അടക്കം മറ്റ് ഏജൻസികളെ ഉൾപ്പെടുത്തുന്നത് തീരുമാനിക്കും. സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ത്യൻ സ്ഥാനപതി കാര്യാലയം വഴി യുഎഇയ്ക്ക് കത്ത് നൽകും.

ഫൈസൽ ഫരീദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ്

സ്വർണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ലോകത്തെ ഏത് വിമാനത്താവളത്തില്‍ ഫൈസല്‍ എത്തിയാലും പിടിയിലാകും. രണ്ടു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ഫൈലസിന്റെ തൃശൂരിലെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ലാപ്പ്ടോപ്പും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ പരിശോധന അഞ്ചരയ്ക്കാണ് അവസാനിച്ചത്. പരിശോധനയിൽ മൂന്ന് ബാങ്ക് പാസ്ബുക്ക് ലഭിച്ചിരുന്നു. ഈ അക്കൗണ്ടുകളുള്ള ബാങ്കുകളിൽ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകൾ ഉണ്ടോയെന്നും പരിശോധിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Swapna suresh m sivasankar sarith thiruvanathapuram gold smuggling case news wrap july 18