തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയെ കൂടുതൽ കുരുക്കിലാക്കി സ്വപ്ന സുരേഷിന്റെ മൊഴി. സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്ന മൊഴി നൽകിയതായി റിപ്പോർട്ടുകൾ. സ്വർണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയാണെന്ന് സ്വപ്ന പറഞ്ഞതായാണ് സൂചന.
കോൺസുലേറ്റ് അധികാരികളെ കൂടുതൽ സമ്മർദത്തിലാക്കുന്നതാണ് സ്വപ്നയുടെ മൊഴി. ഓരോ തവണ സ്വര്‍ണം കടത്തുന്നതിനും അറ്റാഷെയ്ക്ക് കമ്മിഷന് നല്‍കിയിരുന്നുവെന്നും ഒരു കിലോ സ്വര്‍ണത്തിന് 1,000 ഡോളര്‍ ആയിരുന്നു അറ്റാഷെയ്ക്ക് നല്‍കിയിരുന്ന പ്രതിഫലമെന്നും സ്വപ്ന പറഞ്ഞതായാണ് സൂചന.
Read Also: അമ്മയെ കാണാനെത്തി ലാല്‍; ഇനി പതിനാലു നാളത്തെ കാത്തിരിപ്പ്
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും ശിവശങ്കറിനു സ്വർണക്കടത്തിൽ യാതൊരു പങ്കുമില്ലെന്നും സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്.
“സ്വർണക്കടത്ത് പിടിക്കുമെന്നായപ്പോൾ അറ്റാഷെ കെെയൊഴിയുകയായിരുന്നു. സ്വർണം പിടികൂടിയ ദിവസം തിരികെ അയക്കാൻ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ടാണ് മെയിൽ അയച്ചപ്പോൾ അറ്റാഷെയ്ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർക്കും അതിന്റെ കോപ്പികൾ വച്ചത്,” സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയതായി പറയുന്നു.
കോൺസുലേറ്റ് ജനറലിന്റെ അറിവോടെയാണ് സ്വർണക്കടത്ത് ആദ്യം നടത്തിയത്. കോവിഡ് തുടങ്ങിയപ്പോൾ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിയതോടെ അറ്റാഷെയെ സ്വർണക്കടത്തിൽ പങ്കാളിയാക്കുകയായിരുന്നുവെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.
2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വളരെ വെെകാരികമായാണ് സ്വപ്ന മൊഴി നൽകിയത്. അറ്റാഷെയെ സാധിക്കുമെങ്കിൽ പിടികൂടണമെന്ന് സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് വിവരം.
Read Also: ഞങ്ങൾ പറയുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ട്; അല്ലിയുടെ കോവിഡ് കുറിപ്പുമായി സുപ്രിയ
കോൺസുലേറ്റ് ജീവനക്കാരെ പ്രതിരോധത്തിലാക്കുന്ന മൊഴി തന്നെയാണ് സരിത്തും റമീസും സന്ദീപ് നായരും നൽകിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഓരോ തവണ പാഴ്സൽ വരുമ്പോഴും പാഴ്സലിന്റെ കനം പരിഗണിച്ച് കോൺസുലേറ്റ് അറ്റാഷെയ്ക്ക് പ്രതിഫലം നൽകിയിരുന്നതായി സരിത്തും റമീസും സന്ദീപും മൊഴി നൽകിയതായാണ് സൂചന.
നേരത്തെയും കോൺസുലേറ്റ് ജീവനക്കാരെ വെട്ടിലാക്കുന്ന മൊഴിയാണ് സ്വപ്ന നൽകിയത്. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വർണം പിടിച്ച ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് സ്വപ്ന നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ശിവശങ്കറിനെ എൻഐഎയും കസ്റ്റംസും ഓരോ തവണ ചോദ്യം ചെയ്തു. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ എൻഐഎ ശിവശങ്കറിനു നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ നോട്ടീസ് നൽകിയത്.