കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുമായി ബനധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യപേക്ഷയിൽ വ്യാഴാഴ്ച വിധി പറയും. സ്വപ്നയ്ക്കൊപ്പം സംജു സെയ് ദലവി സമർപ്പിച്ച ജാമ്യാപേക്ഷയിലും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി വിധി പറയും. എൻഐഎയ്ക്ക് പുറമെ കസ്റ്റംസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ കസ്റ്റംസ് ശക്തമായി എതിർത്തു. സ്വർണക്കടത്തിന് പിന്നിൽ വലിയ ശൃംഖലയുണ്ടെന്നും വ്യവസായം പോലെയാണ് പ്രതികൾ സ്വർണക്കടത്ത് നടത്തിയിരുന്നതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

Also Read: ഹരിഹര വർമ കൊലക്കേസ്: നാല് പ്രതികളുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു

യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ എത്തിയതിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടിയിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ യുഎഇയിൽനിന്ന് എത്രവണ പാഴ്സൽ എത്തിയെന്ന് അറിയിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും ഇളവുകൾ നൽകിയിട്ടുണ്ടെങ്കിൽ അതും അറിയിക്കണമെന്നും കസ്റ്റംസ് വ്യക്തമാക്കി.

സ്വർണ്ണക്കടത്തിന് പിന്നിൽ രാജ്യാന്തര ബന്ധമുള്ള വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഈ ശൃംഖലയിലുള്ളവരെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമത്തിലാണെന്നും ദുബായിൽ ഉള്ള രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. സ്വർണക്കടത്തിൽ അറസ്റ്റിലായ ഒമ്പതാം പ്രതി മഞ്ചേരി സ്വദേശി മുഹമ്മദ് അൻവർ, പതിമൂന്നാം പ്രതി കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഷമീം, പതിനാലാം പ്രതി കോഴിക്കോട് സ്വദേശി ജിഫ്സൽ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്താണ് കസ്റ്റംസ് ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.