കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ജാമ്യമില്ല. എൻഐഎ കോടതി സ്വപ്‌നയുടെ ജാമ്യഹർജി തള്ളി. ജാമ്യം ലഭിച്ചാൽ, ഉന്നതരുമായുള്ള അടുത്ത ബന്ധമുപയോഗിച്ച് കേസിൽ ഇടപെടാൻ ശ്രമിക്കുമെന്ന് അന്വേഷണ ഏജൻസിയായ എൻഐഎ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
എൻഐഎ ആരോപിക്കുന്ന കുറ്റങ്ങൾ പ്രതി ചെയ്‌തതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. സ്വപ്നയ്‌ക്കെതിരെ തെളിവുകളുണ്ടെന്ന് കേസ് ഡയറി പരിശോധിച്ചതിൽനിന്നു കോടതിക്കു ബോധ്യമായി. എന്നാൽ സ്വപ്‌നയ്‌ക്ക് തീവ്രവാദ സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്നതിനു നിലവിൽ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. പണം തീവ്രവാദ പ്രവർത്തനത്തിന് വേണ്ടി ചെലവഴിച്ചുവെന്നതിനും നിലവിൽ തെളിവില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും യുഎപിഎയിലെ പതിനഞ്ചാം വകുപ്പ് നിലനിൽക്കുമെന്നുമായിരുന്നു എൻഐഎയുടെ വാദം. സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിനു സ്വപ്‌നയുടെ മൊഴി തന്നെ തെളിവാണ്. നയതന്ത്ര ബാഗേജിൽ സ്വർണം പല പ്രാവശ്യം കടത്തിയെന്നതിനു കേസ് ഡയറിയിൽ തെളിവുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന അറിവ് പ്രതിക്കുണ്ടായിരുന്നു. കാർഗോ വിട്ടുകിട്ടാൻ സ്വപ്‌ന ഇടപെട്ടതിനും തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം കോടതി തള്ളി. യുഎപിഎ ആക്ട് സെക്ഷൻ 43 ഡി (5) പ്രകാരം ജാമ്യത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.
Read Also: ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം ആരംഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റും വിജിലൻസും
കേസിൽ നേരത്തെ വാദം പൂർത്തിയായിരുന്നു. എൻഐഎയും കസ്റ്റംസും സ്വപ്‌നയുടെ ജാമ്യഹർജിയെ എതിർത്ത് ശക്തമായി വാദിച്ചിരുന്നു. സ്വപ്‌നയ്‌ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ജാമ്യം അനുവദിച്ചാൽ കേസിന്റെ ഗതി മാറ്റാൻ ശ്രമമുണ്ടാകുമെന്നുമാണ് എൻഐഎയുടെയും കസ്റ്റംസിന്റെയും വാദം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്‌നയ്‌ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള രണ്ടാം ദിവസത്തെ വാദത്തിനിടെ എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന് എം.ശിവശങ്കറിനോട് സ്വപ്‌ന ഫ്‌ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ശിവശങ്കറിന്റെ ശിപാര്‍ശയിലാണ് സ്വപ്‌നയ്‌ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയതെന്നും കോടതിയെ എന്‍ഐഎ അറിയിച്ചിരുന്നു.
Read Also: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളംകൂട്ടാൻ നിർദേശം
“സ്വര്‍ണക്കടത്ത് ഗൂഡാലോചനയുടെ മുഖ്യകണ്ണിയായ സ്വപ്‌നയ്ക്ക് വിദേശത്ത് ബന്ധങ്ങളുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ ഉയര്‍ന്ന സ്വാധീനമുണ്ടായിരുന്നു. സ്വപ്‌നയുടെ സഹായമില്ലാതെ കോണ്‍സുല്‍ ജനറലിന് പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്‌ന അറിയാതെ യുഎഇ കോൺസുലേറ്റിൽ ഒന്നും നടന്നിരുന്നില്ല. കോൺസുലേറ്റിൽ നിന്നു രാജിവച്ച ശേഷവും സ്വപ്‌നയ്‌ക്ക് ആയിരം ഡോളർ വീതം പ്രതിഫലം നൽകിയിരുന്നു. സ്വർണക്കടത്ത് കേസിൽ പങ്കെടുത്ത ഓരോരുത്തർക്കും ഓരോ തവണ കടത്തുന്നതിനും 50,000 രൂപ വീതം ലഭിച്ചിരുന്നു. സ്വര്‍ണം വിട്ടുകിട്ടണമെന്ന് സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു,” എൻഐഎ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
യു.എഇയിലേക്ക് സ്വര്‍ണം എത്തിക്കുന്നതിനു പിന്നില്‍ ആഫ്രിക്കന്‍ കള്ളക്കടത്ത് സംഘങ്ങളുണ്ടന്ന് എന്‍ഐഎ സംശയം പ്രകടിപ്പിച്ചു. സ്വര്‍ണം കടന്നുന്നതിനായി റയീസ് ടാന്‍സാനിയ സന്ദര്‍ശിച്ചിട്ടുണ്ടന്നും കോടതിയെ എന്‍ഐഎ അറിയിച്ചു. സ്വപ്‌നയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് എൻഐഎ അഡീഷണൽ സോളിസിറ്റർ ജനറൽ വിജയകുമാറാണ് ഇക്കാര്യങ്ങൾ കോടതിയിൽ അറിയിച്ചത്.