കൊച്ചി: സ്വർണക്കടത്ത് കേസിൽ പങ്കില്ലെന്ന് സ്വപ്ന സുരേഷ്. യുഎഇ കോൺസുലേറ്റിന്റെ മറവിൽ സ്വർണക്കടത്ത് നടത്തിയ ഒരു സ്ത്രീയാണ് ഞാനെന്ന് എല്ലാവരും പറയുന്നു. ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വർണത്തിൽ ഒരു പങ്കുമില്ലെന്ന് സ്വപ്നയുടെ ഓഡിയോ സന്ദേശത്തിൽ പറയുന്നു. മാറി നിൽക്കുന്നത് ഭയം കൊണ്ടാണെന്നും തെറ്റ് ചെയ്തിട്ടല്ലെന്നും സ്വപ്ന വ്യക്തമാക്കി.
“ഡിപ്ലോമാറ്റിക് കാർഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്, കാർഗോ ഇതുവരെ ക്ലിയർ ആയില്ലെന്ന് യുഎഇയിലെ ഡിപ്ലോമാറ്റ് വിളിച്ച് അതൊന്ന് അന്വേഷിച്ചിട്ട് പറയാൻ പറഞ്ഞു. അവിടുത്തെ എസി രാമമൂർത്തി സാറിനോട് ചോദിച്ചു. യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ്, ആ കാർഗോ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ പറഞ്ഞു. ശരി മാഡം എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വച്ചു. പിന്നീടൊന്നും എനിക്കറിയില്ല. കാർഗോ ഡിപ്പാർട്ട്മെന്റുമായി എനിക്ക് ബന്ധമില്ല. കോൺസുൽ ജനറൽ പറയുന്ന ജോലി അല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല.”
Also Read: പിണറായി വിജയനും ശിവശങ്കറിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
യുഎഇയിൽ നിന്ന് വരുന്നവർക്ക് സപ്പോർട്ട് നൽകുകയാണ് ഞാൻ ചെയ്യുന്നത്. അങ്ങനെ വരുന്നവർക്ക് വേണ്ട കാര്യങ്ങൾ നൽകുക, അവരെ കംഫർട്ടബിൾ ആക്കുക തുടങ്ങിയവ മാത്രമാണ് ഞാൻ ചെയ്തിരുന്നത്. യുഎഇ കോൺസുൽ ജനറലിന്റെ പിന്നിൽ നിൽക്കുക എന്നതാണ് എന്റെ ജോലിയെന്നും മുഖ്യമന്ത്രിയുടെ പിന്നിലല്ല താൻ നിന്നതെന്നും സ്വപ്ന പറയുന്നു. കഴിഞ്ഞ നാഷണൽ ഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോൺസുലേറ്റിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാൻ സഹായിച്ചിട്ടുണ്ട്.
താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്ന പറഞ്ഞു. “ഇതിൽ ഉണ്ടാകുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിനും മാത്രമാണ്. ഇത് മുഖ്യമന്ത്രിമാരെയോ മറ്റ് മന്ത്രിമാരെയോ ബാധിക്കില്ല. ഭയം കൊണ്ടും എന്റെ കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാൻ മാറി നിൽക്കുന്നത്.”
Also Read: താൻ നിരപരാധി, കസ്റ്റംസിൽ വിളിച്ചത് നയതന്ത്ര ഉദ്യോഗസ്ഥന്റ നിർദേശപ്രകാരം: സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ
”എന്റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാർഗോ അയച്ചതെന്നും ആർക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടത്. കോൺസുലേറ്റിൽ ജോലി ചെയ്തപ്പോഴൊക്കെ എന്റെ തൊഴിലിൽ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം തൊഴിലിന്റെ ഭാഗമായിട്ടാണ്. ഇവിടെയുള്ള പാവപ്പെട്ടവരുടെ തലയിൽ അടിച്ചമർത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നോക്കാതെ അതിന് യഥാർത്ഥ നടപടി എടുക്കണം. എന്റെ കാര്യവും അന്വേഷിക്കൂ..ഞാൻ ഏതൊക്കെ കരാറിൽ പങ്കെടുത്തിട്ടുണ്ടോ എന്നൊക്കെ അന്വേഷിച്ചോളൂ” ഓഡിയോ സന്ദേശത്തിൽ സ്വപ്ന പറയുന്നു.