തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിനു അനുമതി. എൻഐഎ കോടതിയാണ് അനുമതി നൽകിയത്. സ്വപ്‌നയെ അറസ്റ്റ് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് പൊലീസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന ഇപ്പോൾ എൻഐഎ കസ്റ്റഡിയിലാണ്. എൻഐഎ കസ്റ്റഡി കാലാവധി കഴിയുമ്പോൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ അറസ്റ്റ് രേഖപ്പെടുത്താനാണ് കോടതി പൊലീസിനു അനുമതി നൽകിയിരിക്കുന്നത്. ഈ മാസം 13 നാണ് ഐടി വകുപ്പിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തത്. വ്യാജ സർട്ടിഫിക്കറ്റ് നൽകി സർക്കാർ വകുപ്പിൽ ജോലി നേടിയെന്നതാണ് പരാതി.

Read Also: മലയാളി നഴ്‌സിനെ കുത്തിവീഴ്‌ത്തി, ശേഷം കാർ കയറ്റി കൊന്നു; ഭർത്താവ് പിടിയിൽ

സ്വർണക്കടത്ത്: ശിവശങ്കറിനു ക്ലീൻ ചിറ്റില്ലെന്ന് സൂചന

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സൂചന. എം.ശിവശങ്കര്‍ നിരപരാധിയോ ഗൂഡാലോചനയുടെ ഇരയോ അല്ലെന്ന് എൻഐഎ അധികൃതര്‍. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ ശിവശങ്കർ ഹാജരാക്കണമെന്നും അന്വേഷണം സംഘം വ്യക്തമാക്കി. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. തുടർച്ചയായ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്‌തിരുന്നു. കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെ നടന്ന ചോദ്യം ചെയ്യലിനുശേഷം ശിവശങ്കർ തിരുവനന്തപുരത്തേക്ക് മടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.